എലിസബത്തിന്റെ മൃതദേഹം താഴെയിറക്കി അതേ കയറില്‍ യുവാവും ജീവനൊടുക്കി, വ്യക്തത തേടി പോലീസ്

Share our post

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പൊരുത്തക്കേടുകളില്‍ പോലീസ് വ്യക്തത തേടുന്നു. യുവാവിനെ തൂങ്ങിമരിച്ചനിലയിലും പെണ്‍കുട്ടിയെ നിലത്തുകിടക്കുന്ന നിലയിലുമാണ്‌ കണ്ടെത്തിയത്.

പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി അതേ തുണിയില്‍ യുവാവും തൂങ്ങിയതാകാമെന്നാണു പോലീസ് നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു-23), സമീപത്തു വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശി തേക്കിന്‍കാട്ടില്‍ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില്‍ കണ്ടത്.

ചൊവ്വാഴ്ച പോലീസ് ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത ലഭിക്കൂ. അനന്തകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. എലിസബത്തിന്റെ മൃതദേഹം സ്വദേശമായ പാലായിലേക്കു കൊണ്ടുപോയി.

തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്.

സ്‌കൂളില്‍ പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഫാബ്രിക്കേഷന്‍ ജീവനക്കാരനാണ് അനന്തകൃഷണന്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!