ചുരത്തിൽ ലോറി 50 മീറ്റർ താഴ്‌ചയിലേക്ക് വീണു

താമരശേരി: പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് വീണു. ചൊവ്വ രാത്രി 12.30 ഓടെയായിരുന്നു ചുരം ഒമ്പതാം വളവിൽ അപകടം സംഭവിച്ചത്. സിലിണ്ടറുമായി മൈസൂരുവിൽനിന്ന് ചുരമിറങ്ങിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് 50 മീറ്ററോളം താഴേക്ക് പോയി.
ഡ്രൈവർ മൈസൂരു സ്വദേശി രവി കുമാറിനെ തലക്ക് പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസനൽകി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൈവേ പൊലീസ്, അടിവാരം ഔട്ട് പോസ്റ്റ് പൊലീസ്, കൽപ്പറ്റയിൽനിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവരെത്തി രക്ഷാപ്രവർത്തനം നടത്തി.കഴിഞ്ഞ ദിവസം ചുരം ഏഴാംവളവിൽ ബസ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്തിരുന്നു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.