പെട്രോൾ പമ്പ് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ പിടിയിൽ

Share our post

തിരുവനന്തപുരം: പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.എസ്.അജിത് കുമാർ വിജിലൻസ് പിടിയിലായി. കൈക്കൂലിപ്പണമായ 8000 രൂപ ഇയാളിൽ നിന്ന് വിജിലൻസ് കണ്ടെത്തി.പമ്പുകളിൽ കൃത്യമായ അളവിൽ പെട്രോൾ വിതരണം നടത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഓരോ മൂന്ന് മാസത്തിലും പെട്രോൾ പമ്പിലെ നോസിലുകൾ പരിശോധിച്ച് സീൽ ചെയ്യണം.

ആക്കുളത്തെ നാഗരാജ് ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ സ്വരൂപ് പമ്പിലെ ആറ് നോസിലുകളും പരിശോധിച്ച് സീൽ ചെയ്യാൻ പട്ടത്തെ ലീഗൽ മെട്രോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പമ്പ് ഉടമയായ സ്വരൂപിനോട് ഡെപ്യൂട്ടി കൺട്രോളർ അജിത് കുമാർ പമ്പിൽ വന്ന് നോസിൽ പരിശോധിക്കാൻ ‘എന്തെങ്കിലും ചെയ്യണമെന്ന്’ ആവശ്യപ്പെട്ടു.സ്വരൂപ് ഇക്കാര്യം തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.

തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കവേ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അജിത് കുമാർ മൂന്ന് ഉദ്യോഗസ്ഥരുമായി ആക്കുളത്തെ പമ്പിലെത്തി ആറ് പെട്രോൾ നോസിലുകൾ സീൽ ചെയ്തു. കൂടെ വന്ന ഉദ്യോഗസ്ഥരെ മാറ്റി നിറുത്തിയ ശേഷം സ്വരൂപിനോട് 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ‘ഇപ്പോൾ 8000 രൂപ മാത്രമേ ഉള്ളൂവെന്നും ബാക്കി പിന്നെ തരാമെന്നും’ സ്വരൂപ് പറഞ്ഞതനുസരിച്ച് ആദ്യ ഗഡുവായി സ്വരൂപിന്റെ പക്കൽ നിന്ന് 8000 രൂപ കൈക്കൂലി വാങ്ങിയ വേളയിൽ വിജിലൻസ് ബി.എസ്.അജിത്ത് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!