ജില്ലാ സ്കൂൾ ശാസ്ത്രോത്സവം തലശ്ശേരിയിൽ തുടങ്ങി

തലശേരി: ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം ശാസ്‌ത്ര നാടകത്തോടെ ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. എച്ച്‌എസ് വിഭാഗം ശാസ്‌ത്രനാടകം ഡിഡിഇ വി എ ശശീന്ദ്രവ്യാസ് ഉദ്‌ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ അധ്യക്ഷനായി. വിവിധ സബ്‌ജില്ലകളിൽനിന്ന് പത്ത് ടീമുകൾ പങ്കെടുത്തു. ഡിഇഒ എ പി അംബിക, തലശേരി സൗത്ത് എഇഒ ഇ വി സുജാത, ബ്രണ്ണൻ സ്‌കൂൾ പ്രധാനാധ്യാപകൻ എം ജയരാജൻ, കെ രമേശൻ, ബഷീർ ചെറിയാണ്ടി, ഹരീഷ് കടവത്തൂർ, എം സുനിൽകുമാർ,ജി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമെത്തിയ മേളയെ അത്യാവേശത്തോടെയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശാസ്‌ത്രമേള, സാമൂഹ്യശാസ്‌ത്രമേള, പ്രവൃത്തി പരിചയമേള, ഗണിതശാസ്‌ത്രമേള, ഐടി മേള, വൊക്കേഷണൽ എക്‌സ്‌പോ എന്നിവ നടക്കും. തലശേരി സെന്റ് ജോസഫ്‌സ്, ബിഇഎംപി, മുബാറക്ക്, സേക്രഡ് ഹാർട്ട്, ബ്രണ്ണൻ സ്‌കൂളുകളാണ് വേദികൾ.
15 സബ്‌ജില്ലകളിൽനിന്ന് 4000 വിദ്യാർഥികൾ പങ്കെടുക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും തലശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഏർപ്പെടുത്തിയത്. ലഹരിവിരുദ്ധ സന്ദേശമടങ്ങിയ ബോർഡും ബാനറുകളും ശാസ്‌ത്രോത്സവ വേദികളിലുണ്ടാവും. ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കും. ശാസ്‌ത്രമേളയുടെ ഉദ്‌ഘാടനം ബുധൻ രാവിലെ 10ന് നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി നിർവഹിക്കും.
ശാസ്‌ത്രോത്സവത്തിൽ ഇന്ന്
തലശേരി സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ് രാവിലെ 10
വർക്കിങ് മോഡൽ, സ്‌റ്റിൽ മോഡൽ, ഇംപ്രാവൈസ്‌ഡ് എക്‌സിപെരിമെന്റ്, റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇൻവെസ്‌റ്റിഗേറ്ററി പ്രോജക്ട് (എല്ലാം എച്ച്‌എസ്), ടീച്ചിങ് എയ്‌ഡ്, ടീച്ചേഴ്‌സ് പ്രോജക്ട് (പ്രൈമറി, എച്ച്‌എസ്, എച്ച്‌എസ്‌എസ്), മാഗസിൻ.
സാമൂഹ്യ ശാസ്‌ത്രമേള
ബിഇഎപി എച്ച്‌എസ്‌എസ് രാവിലെ 9.30
അറ്റ്‌ലസ് നിർമാണം, പ്രാദേശിക ചരിത്രരചന, പ്രസംഗം (എച്ച്‌എസ്, എച്ച്‌എസ്‌എസ്).
പ്രവൃത്തി പരിചയമേള
മുബാറക് എച്ച്‌എസ്‌എസ്
ഓൺ ദ സ്‌പോട്ട് (എച്ച്‌എസ്)
ഐടി മേള
ബ്രണ്ണൻ എച്ച്‌എസ്‌എസ്
മൾട്ടിമീഡിയ പ്രസന്റേഷൻ, അവതരണം (എച്ച്‌എസ്), വെബ് പേജ് ഡിസൈനിങ്, ആനിമേഷൻ (എച്ച്‌എസ്, എച്ച്‌എസ്‌എസ്).
ഗണിത ശാസ്‌ത്രമേള
സേക്രഡ് ഹാർട്ട് എച്ച്‌എസ്‌എസ്
നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്‌റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്യൂവർ കൺസ്‌ട്രക്ഷൻ, അപ്ലൈഡ് കൺസ്‌ട്രക്ഷൻ, പസിൽ, ഗെയിം, സിംഗിൾ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, ടീച്ചിങ് എയ്‌ഡ്, പ്രൈമറി ടീച്ചിങ് എയ്‌ഡ് (എല്ലാം എച്ച്‌എസ്).