പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു, തുടർ നടപടികൾ വേണ്ടെന്ന് മന്ത്രിസഭായോഗം

Share our post

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാ‌ർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ എതിർപ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പെൻഷൻ പ്രായം ഉയർത്തിയ നടപടിയിൽ വലിയ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്യാബിനറ്റിൽ വ്യക്തമാക്കിയതായാണ് വിവരം. മരവിപ്പിക്കുന്നത് സംബന്ധിച്ച് തുടർനടപടികൾക്കായി ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ആറ് ധനകാര്യ കോർപ്പറേഷനുകളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് അറുപതാക്കി ഉയർത്തി ഒക്ടോബർ 29നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്.വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ഒഴികെയുള്ളവയിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചത്. മൂന്നിടത്തും 56 വയസെന്ന പെൻഷൻ പ്രായം മൂന്നു മാസത്തെ പഠനത്തിനു ശേഷം അറുപതാക്കി വർദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

ഒക്ടോബർ 29 മുതൽ വിരമിക്കേണ്ടവർക്ക് വർദ്ധന ബാധമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതടക്കം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമ്പൂർണമായി നടപ്പാക്കാൻ ധനകാര്യ അഡി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഏപ്രിൽ 20നു ചേർന്ന മന്ത്രിസഭായോഗം, തൊഴിലന്വേഷകരായ യുവാക്കളുടെ രോഷം ഭയന്ന്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു.പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിൽ പ്രതിപക്ഷത്തിന് പുറമെ ഇടതു യുവജനസംഘടനകളും എതിർപ്പറിയിച്ചതോടെ, സർക്കാർ പ്രതിരോധത്തിലായിരുന്നു.

യു.ഡി.എഫും, ബി.ജെ.പിയും സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തുകയും ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളേറെയുള്ള കേരളത്തിൽ പൊതുമേഖലയിലടക്കം പെൻഷൻ പ്രായമുയർത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇടത് യുവജന സംഘടനകൾ മുന്നോട്ടുവച്ചത്. എ.ഐ.വൈ.എഫ് സർക്കാർ തീരുമാനത്തെ കടന്നാക്രമിച്ചപ്പോൾ, ഡി.വൈ.എഫ്.ഐ സർക്കാരിനെ തള്ളിപ്പറയാതെ കരുതലോടെയായിരുന്നു എതിർപ്പറിയിച്ചത്. തൊഴിലില്ലായ്മാ പ്രശ്നത്തിൽ യുവജനവികാരം എതിരായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകുമെന്നാണ് ഇടത് യുവജന സംഘടനകൾ കരുതുന്നത്. യുവജനങ്ങളിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം കുറയ്ക്കാനിടയാക്കുന്ന തീരുമാനമായി ഇത് മാറിയേക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്തിപ്പോൾ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാണെന്നും അത് ഏകീകരിക്കുകയാണുണ്ടായതെന്നുമായിരുന്നു ധനവകുപ്പിന്റെ വാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!