ട്രാക്കിലാകുന്നു, തലശ്ശേരി സ്റ്റേഡിയം

തലശ്ശേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം ഉദ്ഘാടന സജ്ജമാകുന്നു. 19ന് കായികപ്രേമികൾക്കായി സ്റ്റേഡിയം തുറന്നുകൊടുക്കും. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓപറേഷനൽ മാനേജർ ആർ.പി. രാധിക തിങ്കളാഴ്ച സ്റ്റേഡിയം സന്ദർശിച്ചു.
സ്റ്റേഡിയത്തിൽ ബാക്കിയുള്ള പ്രവൃത്തികളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്റ്റേഡിയം ശുചീകരിക്കുകയും ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്യും. പുല്ലുകളുടെ കളപറിക്കാനും സ്റ്റേഡിയത്തിന് ചുറ്റും ഫെൻസിങ് സ്ഥാപിക്കാനും തീരുമാനിച്ചു.
സ്റ്റേഡിയത്തിലെ അഞ്ച് കടമുറികൾ വാടകക്ക് കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഓപൺ ജിംനേഷ്യം തുടങ്ങാൻ ആലോചനയുണ്ടെന്നും രാധിക പറഞ്ഞു. ചെറിയ തുക ഈടാക്കി മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, പ്രഭാത സവാരിക്കായി വ്യക്തിയിൽനിന്നും 500 രൂപ മാസ വാടക ഈടാക്കും. അടുത്തദിവസം തന്നെ സ്റ്റേഡിയത്തിന് നെയിംബോർഡ് സ്ഥാപിക്കും. നഗരസഭയുമായി ആലോചിച്ച് മുന്നിൽ പേ പാർക്കിങ് സൗകര്യമൊരുക്കും. റവന്യു മാനേജർ ആൽബർട്ട് ആന്റോ, അസി.എൻജിനീയർ ജി.ജി. ശ്രേയസ്, കെയർ ടേക്കർ എ.കെ. റാഹിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.