കണ്ണൂർ : യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതെങ്ങനെ? ലഹരിമരുന്ന് അവരെ അടിമകളാക്കുന്നതെങ്ങനെ? കണ്ണൂർ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നുള്ള, അഭിജിത് എന്ന ഈ യുവാവിന്റെ കഥയിൽ, പലതുമുണ്ട്. അച്ഛനെയും അമ്മയെയും അതിരറ്റു സ്നേഹിക്കുന്ന, നല്ലൊരു ജീവിതം സ്വപ്നം കണ്ടു ജീവിച്ച ഒരു കൗമാരക്കാരൻ ഇന്നെവിടെ നിൽക്കുന്നു?
സൗഹൃദങ്ങളുടെ ചതിക്കൂട്ടത്തിൽ പെട്ട് എങ്ങനെ സ്വന്തം ജീവിതവും കുടുംബ ജീവിതവും നശിക്കുന്നു? അതെങ്ങനെ തിരികെപ്പിടിക്കാം? ലഹരിക്കടിമയാവുകയും വിൽപനക്കാരനാവുകയും ചെയ്ത ശേഷം മറ്റാരുടെയും പ്രേരണയില്ലാതെയാണ് അഭിജിത് നല്ല ജീവിതത്തിലേക്കു തിരിച്ചെത്തിയത്. 3 ഭാഗങ്ങളുള്ള ആ കഥ അഭിജിത്തിന്റെ വാക്കുകളിൽ തന്നെ വായിക്കുക.
സുഹൃത്തുക്കളില്ലാത്ത കാലം
‘ഹയർസെക്കൻഡറി വരെ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന വിദ്യാർഥിയായിരുന്നു ഞാൻ. പുറത്തേക്കൊന്നും എന്നെ അധികം വിട്ടിരുന്നില്ല. വീട്ടിൽ തന്നെ അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു. അധികം കൂട്ടുകാരൊന്നുമില്ല. സ്കൂൾ, വീട് എന്ന പതിവ്. അച്ഛ നെയും അമ്മയെയും ഒരുപാടിഷ്ടമായിരുന്നു. എസ്ഐ ആകണമെന്നായിരുന്നു ആഗ്രഹം. നന്നായി പഠിക്കാനും ഡിഗ്രി നേടാനുമൊക്കെ അച്ഛൻ ഇടയ്ക്കിടെ പറയും. അതിൽ നിന്നാണ് എസ്ഐ ആകണമെന്നും സിവിൽ സർവീസ് എഴുതണമെന്നും തോന്നലുണ്ടായത്.
പ്ലസ്ടു പാസായതിന്റെ സന്തോഷത്തിൽ, അച്ഛൻ വായ്പയെടുത്തു പുതിയ ബൈക്ക് വാങ്ങിത്തന്നു. ബൈക്കിൽ ചെത്തിപ്പറക്കുന്നവരോടു പണ്ടേ ഇഷ്ടമുണ്ടായിരുന്നു. തോന്നുമ്പോഴൊക്കെ ബൈക്കിൽ പുറത്തിറങ്ങിത്തുടങ്ങി. എന്റെ വൈബിനനുസരിച്ചുള്ള(താൽപര്യം) സുഹൃത്തുക്കളെ ലഭിച്ചു. അവരിൽ ചിലരൊക്കെ കഞ്ചാവ് വലിക്കുന്നവരും വിൽക്കുന്നവരുമായിരുന്നു. അവരോടൊപ്പം കറങ്ങുന്നതു തെറ്റാണെന്നു തോന്നിയില്ല. മാതാപിതാക്കളെ ഞാൻ സ്നേഹിക്കുന്നു. പഠിക്കുന്നു. ഞാൻ കഞ്ചാവ് വിൽക്കുന്നില്ല, വലിക്കുന്നില്ല.
ഇത്, എന്റെ കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ. അതിലെന്തിനാണു കുറ്റബോധം? പക്ഷേ, ആ ധാരണ തെറ്റാണെന്നു പിന്നീടു മനസിലായി. ആ സൗഹൃദക്കൂട്ടം തന്നെയാണ് എന്നെ പലതിലേക്കും വലിച്ചിട്ടത്. ജീവിതം നശിപ്പിച്ചത്. കുട്ടികൾ കഞ്ചാവും എംഡിഎംഎയും തേടിപ്പോ കണമെന്നില്ല. അവരുടെ സൗഹൃദവലയത്തിൽ, അതുപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ഒരാളുണ്ടായാൽ മതി. ആ ഗ്രൂപ്പ് മുഴുവൻ അതിലേക്കാകർഷിക്കപ്പെടും. കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്ന സഹപാഠിയെ, സുഹൃത്തിനെ കാണുമ്പോൾ ഒന്നു പരീക്ഷിക്കാൻ പലർക്കും തോന്നും.
ആദ്യത്തെ അനുഭവം, ചിലപ്പോൾ ഇനി വേണ്ടെന്നു തോന്നിപ്പിച്ചേക്കാം. പക്ഷേ, 2–3 മാസം കഴിയുമ്പോൾ വീണ്ടും ഒന്നു പരീക്ഷിക്കാൻ തോന്നും. അതു പിന്നീട്, ആഘോഷ ദിവസങ്ങളിലെല്ലാം പരീക്ഷിക്കാനുള്ള തോന്നലാകും. ആഴ്ചയ്ക്കൊന്ന് എന്നതിലേക്കു മാറും. പിന്നീട്, അവധി ദിവസങ്ങളിലെല്ലാം ഉപയോഗിച്ചു തുടങ്ങും. ദിവസവും അടി തുടങ്ങും. പിന്നീടത് എല്ലാ ദിവസവും രാവിലെയും വൈകിട്ടുമാകും. ഇതാണ്, ലഹരിമരുന്നിന്റെ അടിമത്തത്തിലേക്കുള്ള യാത്രാവഴി. ഗ്രൂപ് ഉണ്ടായാൽ, വിതരണത്തിനും വലിക്കാനുമുള്ളൊരു ഗല്ലി അഥവാ സ്പോട്ട് കണ്ടെത്തും. ഒഴിഞ്ഞ സ്ഥലങ്ങളാണു പതിവ്.
കൈയിലുള്ള കാശു തീരുമ്പോൾ, ആൾ ലഹരിമരുന്നിന്റെ വിൽപനക്കാരനാകും. പുതിയ ബൈക്ക് കിട്ടിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു. സുഹൃത്തുക്കളിലൊരാൾ, അത് ഓടിച്ചു നോക്കാനായി വാങ്ങിപ്പോയി. വൈകുന്നേരമായിട്ടും തിരികെ ലഭിച്ചില്ല. വിളിച്ചപ്പോൾ, അവിടെയുണ്ട്, ഇവിടെയുണ്ട് എന്നായി മറുപടി. ഒടുവിൽ ആളെ കണ്ടെത്തി. പക്ഷേ, ബൈക്കില്ല. ബൈക്ക് എക്സൈസിന്റെ കസ്റ്റഡിയിലായിരുന്നു. എന്റെ ബൈക്ക് വാങ്ങിപ്പോയ ആൾ, അതു മറ്റൊരാൾക്കു കൈമാറി. അയാൾ, അന്നുച്ചയ്ക്ക് 2 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലാവുകയും അന്വേഷണത്തിന്റെ ഭാഗമായി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വീട്ടിലും നാട്ടിലും സംഭവം അറിഞ്ഞു. ഞാൻ കഞ്ചാവ് കടത്തിയെന്നു വരെയായി സംസാരം. അതുവരെ കഞ്ചാവ് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ, പേരുദോഷമായി. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ആരും എന്നെ മനസിലാക്കിയില്ല. വീട്ടിൽ നിന്നു പുറത്താക്കി. കേസിൽ ഉൾപ്പെടുത്താതിരുന്നതിനാൽ, ബൈക്ക് തിരിച്ചു കിട്ടി. പിന്നീട് കുറച്ചു നാൾ ഇതേ സുഹൃദ് സംഘത്തിൽ പെട്ടവരുടെ വീടുകളിലായി താമസം. ആപത്തുകാലത്ത് അവർ ആത്മാർഥമായി ഒപ്പമുണ്ടാകുമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. അവരുടെ മുഖം കറുത്തു തുടങ്ങുമ്പോൾ അവിടെ നിന്നിറങ്ങും.
ഒരാൾക്കു വെറുതേ ഓടിച്ചു നോക്കാൻ കൊടുത്ത പുത്തൻ ബൈക്ക്, എന്നോടു ചോദിക്കുക പോലും ചെയ്യാതെ മറ്റൊരു സുഹൃത്തിന് അവൻ കൊടുത്തു. അതാണ്, എന്നെ വീട്ടിൽ നിന്നു പുറത്താക്കാനും വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഞാൻ കഞ്ചാവ് കടത്തുകാരനാകാനും ഇടയാക്കിയത്. അതുവരെ തോളിൽ കൈയിട്ടു നടന്നവരുടെ യഥാർഥ മുഖം, അവരുടെ വീടുകളിൽ താമസിച്ചതോടെ പുറത്തുവന്നു. ഇതു സൗഹൃദമാണോ? അയാൾ യഥാർഥ സുഹൃത്താണോ? അല്ല. സൗഹൃദത്തിന്റെ പേരിൽ ഇത്തരം കൂട്ടങ്ങളിൽ ചെന്നു പെടുന്ന അനിയന്മാർ ശ്രദ്ധിക്കണം.’ അഭിജിത് പറഞ്ഞു.
നാളെ: കഞ്ചാവ് സംഘത്തലവനിലേക്ക്
കണ്ണൂർ ∙ ജില്ലയിൽ ലഹരിമരുന്നു വിൽപന വ്യാപകമാകുന്നതിനിടെ, ചില ഇംഗ്ലിഷ് മരുന്നു വിൽപനശാലകൾക്കു മേൽ എക്സൈസ് ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കി. വേദനസംഹാരികളും മനോദൗർബല്യത്തിനുള്ള മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നുവെന്ന വിവരത്തെ തുടർന്നാണിത്. ഇക്കാര്യം എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എന്നാൽ എത്ര മെഡിക്കൽ ഷോപ്പുകളാണു നിരീക്ഷണത്തിലുള്ളതെന്ന് അവർ വ്യക്തമാക്കിയില്ല. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ചില ഇംഗ്ലിഷ് മരുന്നുകളെത്തിച്ച്, ലഹരിമരുന്നു പയോഗിക്കുന്നവർക്കു വിൽക്കുന്നതായി വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.