പുല്ലംവനം അയ്യൻമടയിലെത്തി പരിസ്ഥിതി ഗവേഷണ – പഠന സംഘം

Share our post

പുലിക്കുരുമ്പ :  ജൈവവൈവിധ്യ കലവറയായ പുല്ലംവനം അയ്യൻമടയിൽ പരിസ്ഥിതി ഗവേഷണ-പഠന സംഘം നടത്തിയ പരിശോധനയിൽ അപൂർവങ്ങളായ സസ്യങ്ങൾ, ചിത്രശലഭങ്ങൾ, ചെറുജീവികൾ എന്നിവയെ കണ്ടെത്തി. ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ വി.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് 40 അംഗ സംഘം പര്യടനം നടത്തിയത്. 160ലേറെ സസ്യങ്ങളെ നിരീക്ഷിച്ചതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 20ലേറെ അപൂർവ സസ്യങ്ങളെയും അത്യപൂർവമായി കാണപ്പെടുന്ന സോണേറില, വൈൽഡ് ബെഗോനിയ, വൈൽഡ് ഗോസ്റ്റ് ഫ്ലവർ എന്നീ സസ്യങ്ങളെയും കണ്ടെത്തി.

ഇരുട്ടിൽ മാത്രം ജീവിക്കുന്ന ചിലതരം തവളകളെയും ചുവന്ന നിറമുള്ള ഞണ്ടുകളെയും ചെറിയ വവ്വാലുകളെയും ഗുഹയിൽ കാണാൻ കഴിഞ്ഞു. വംശനാശം നേരിടുന്നതും ഇരുളിൽ ജീവിക്കുന്നതുമായ വയനാടൻ വാള എന്ന മത്സ്യത്തെ കോയമ്പത്തൂർ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി പി.ശ്രീബിൻ കഴിഞ്ഞ വർഷം അയ്യൻമടയിൽ കണ്ടെത്തിയിരുന്നു. 57 ഇനം ചിത്രശലഭങ്ങളെയും വംശനാശം നേരിടുന്ന 9 തരം തുമ്പികളെയും ഇരുപതോളം ഇനം പക്ഷികളെയും കാണാൻ കഴിഞ്ഞു.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ജീവശാസ്ത്ര അധ്യാപകരും വിദ്യാർഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യങ്ങളെ സംബന്ധിച്ചും പഠിക്കുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും അപൂർവങ്ങളായ സസ്യ-ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് ഇത്തരം പഠനയാത്രകൾകൊണ്ട് ലക്ഷ്യമിടുന്ന തെന്ന് വി.സി.ബാലകൃഷ്ണൻ പറഞ്ഞു.

സംഘത്തിനു വഴികാട്ടാനും വേണ്ട സഹായങ്ങൾ നൽകാനുമായി അയ്യൻമട സംരക്ഷണ സമിതി അംഗങ്ങളും പരിസ്ഥിതിപ്രവർത്തകരായ ജോർജ് മുട്ടത്തിൽ, റോബിൻസ് കാരക്കുന്നേൽ, ബെന്നി മുട്ടത്തിൽ എന്നിവരു മുണ്ടായിരുന്നു. നടുവിൽ പഞ്ചായത്തിലെ പുല്ലംവനം എന്ന സ്ഥലത്ത് ഇരുന്നൂറോളം മീറ്റർ ആഴമുള്ള ഗുഹയാണ് അയ്യൻമട. ഇതിനോടകം തന്നെ ഒട്ടേറെ ഗവേഷകരും വിദ്യാർഥികളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!