ഡിജിറ്റൽ രൂപ ഇന്നുമുതൽ; അവതരിപ്പിക്കുന്നത് ഹോൾസെയിൽ ആവശ്യങ്ങൾക്കുള്ള ഡിജിറ്റൽ രൂപ

മുംബൈ: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സി.ബി.ഡി.സി.) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് ചൊവ്വാഴ്ച തുടക്കം. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ സംവിധാനമായ സി.ബി.ഡി.സി.-ഡബ്ല്യു. ആണ് പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്നിന് അവതരിപ്പിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ദ്വിതീയ വിപണിയിലെ സർക്കാർ കടപ്പത്ര ഇടപാടുകൾക്ക് ഉപയോഗിച്ചുകൊണ്ടാവും തുടക്കമെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പരീക്ഷണത്തിലെ സ്ഥിതി വിലയിരുത്തി ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾക്കും ഘട്ടംഘട്ടമായി ഇതു പ്രാബല്യത്തിൽ കൊണ്ടുവരും.
ഡിജിറ്റൽ രൂപ വരുന്നതോടെ ബാങ്കുകളുടെ പരസ്പരമുള്ള ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നത്. ഇടപാടു പൂർത്തിയാക്കുന്നതിനുള്ള ചെലവു കുറയും. ഒരു മാസത്തിനകം പൊതുവായ ഉപയോഗങ്ങൾക്കുള്ള സി.ബി.ഡി.സി. റീട്ടെയിലും (സി.ബി.ഡി.സി. – ആർ.) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും ഉൾപ്പെടുന്ന നിശ്ചിത ഗ്രൂപ്പിലായിരിക്കും ഇത് അവതരിപ്പിക്കുക. ഒക്ടോബർ ആദ്യമാണ് റിസർവ് ബാങ്ക് ഡിജിറ്റൽ രൂപയുടെ ആശയം സംബന്ധിച്ച് വ്യക്തത വരുത്തിയത്.
ബാങ്കുകൾ ഇവ
ഒമ്പതു ബാങ്കുകളാണ് തുടക്കത്തിൽ പരീക്ഷണപദ്ധതിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി. എന്നിവയാണവ.
എന്താണ് ഡിജിറ്റൽ രൂപ…?
: നിലവിലുള്ള കറൻസി നോട്ടുകൾക്കൊപ്പം പുതിയ വിനിമയ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ കറൻസിനോട്ടുകളുടെ ഡിജിറ്റൽ രൂപമായിരിക്കുമിത്. വിനിമയ മാധ്യമമെന്ന നിലയിൽ കറൻസി നോട്ടുകളുടെ എല്ലാ സവിശേഷതകളും ഡിജിറ്റൽ രൂപയ്ക്കുമുണ്ടാകും. കറൻസി നോട്ടുകളുടെ രീതിയിൽ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമ പിൻബലവുമുണ്ടാകും. കറൻസിനോട്ടുകളായി എപ്പോൾ വേണമെങ്കിലും മാറ്റിയെടുക്കാം. ഇതു സൂക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലെന്നും ആർ.ബി.ഐ. പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനും പേമെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്.