പൂവത്താറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു

പേരാവൂർ: ജൈവവൈവിധ്യങ്ങളുടെ നിറകുടമായ പൂവത്താറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം ഇരട്ടിക്കുകയാണ്. പൂവത്താർ വെള്ളച്ചാട്ടവും ജൈവവൈവിധ്യങ്ങളുമാണ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്.
മാലൂർ പഞ്ചായത്തിലെ വെള്ളച്ചാട്ടമാണ് പൂവത്താർകുണ്ട്. മാലൂർ- പേരാവൂർ റോഡരികിലെ തോലമ്പ്ര സ്കൂളിനരികിലുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ ദൂരം നടന്നാൽ ഈ വെള്ളച്ചാട്ടത്തിലെത്തിച്ചേരാം. പൂവത്താറിൽ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘങ്ങളെത്താറുണ്ടെന്ന് സമീപവാസികൾ പറയുന്നു.
ക്വാറിക്കായി നിലമൊരുക്കാള്ള ശ്രമത്തിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കാൻ പൂവത്താർ സംരക്ഷണ സമിതി നിലനിർത്താൻ രംഗത്തുണ്ട്. സസ്യസമ്പത്തും വിവിധങ്ങളായ പൂമ്പാറ്റകളും പ്രാണിവർഗങ്ങളും അതിമനോഹരമായ വെള്ളച്ചാട്ടവും ഇവിടെ കൺകുളിർക്കെ കാണാം.
ഏകദേശം ഒരുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ പ്രദേശത്തിന്റെ സവിശേഷതയാണ്. സഞ്ചാരികൾ അധികം എത്തിത്തുടങ്ങിയിട്ടില്ലാത്തതിനാൽ അങ്ങോട്ടുള്ള വഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടേയുള്ളൂ.
പൂവത്താർ നശിപ്പിക്കാനുള്ള ശ്രമത്തിന് തടയിടാൻ പ്രകൃതിസ്നേഹികളെ പ്രവേശന ഫീസില്ലാതെ സ്വാഗതം ചെയ്യുകയാണ് നാട്ടുകാർ. വഴുവഴുക്കുന്ന പാറകളിൽനിന്ന് രക്ഷനേടാൻ വള്ളിയിൽ തൂങ്ങിയുള്ള യാത്രയും അനുഭൂതിദായകമെന്ന് പരിസ്ഥിതിസ്നേഹികൾ പറയുന്നു.