മോഷണം കഴിഞ്ഞ് പുഴത്തീരത്ത് വിരിച്ചുറങ്ങിയ ചാക്കിൽ കടയുടെ പേര്; മോഷ്ടാവിനെ പിടികൂടിയതിങ്ങനെ

ചെറുപുഴ: മോഷണം നടത്തിയ ശേഷം പുഴത്തീരത്തു കിടന്നു ഉറങ്ങിയ മോഷ്ടാവിനെ കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കോഴിക്കോട് സ്വദേശി അഹമ്മദിനെ (62) ആണു പൊലീസിൽ ഏൽപ്പിച്ചത്. ചെറുപുഴ പടിഞ്ഞാത്ത് ജ്വല്ലറിക്ക് സമീപം പ്രവർത്തിക്കുന്ന ന്യൂ ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിന്റെ കടയിൽ ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണു മോഷണം നടന്നത്. കടയുടെ മുൻവശത്തെ പൂട്ട് പൊളിച്ചാണു മോഷ്ടാവ് അകത്തു കടന്നത്.
കടയിൽ ഉണ്ടായിരുന്ന 25,000 രൂപയും ആധാരവും ഫയലും മോഷ്ടിച്ച ശേഷം കടയിൽ നിന്നു ഒരു ചാക്കും എടുത്താണു മോഷ്ടാവ് പുഴതീരത്തു എത്തിയത്. കയ്യിൽ ഉണ്ടായിരുന്ന മദ്യം അകത്താക്കിയ ശേഷം ആധാരവും ഫയലും സമീപത്തെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. തുടർന്നു ചാക്ക് വിരിച്ചു കിടന്നുറങ്ങി. അതിരാവിലെ ചെറുപുഴയിൽ നിന്നു പുറപ്പെടുന്ന ബസിൽ കയറി സ്ഥലം വിടാനായിരുന്നു അഹമ്മദിന്റെ തീരുമാനം.
എന്നാൽ മോഷ്ടാവിന്റെ കഷ്ടകാലത്തിനു കടയുടമകളായ പാലക്കുടിയിൽ ജിമ്മിയും, രഞ്ജിത്തും വാഹനത്തിൽ നിന്നു ഇറക്കിവച്ച സാധനങ്ങൾ എടുത്തു വയ്ക്കാൻ അതിരാവിലെ കടയിലെത്തിയതാണു മോഷ്ടാവിനു വിനയായി മാറിയത്. മോഷണ വിവരം അറിഞ്ഞതിനെ തുടർന്നു കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പുഴ തീരത്തു കിടന്നുറങ്ങുന്ന അഹമ്മദിനെ കണ്ടെത്തിയത്.
ഇയാൾ കിടന്നുറങ്ങിയ ചാക്കിൽ കടയുടെ പേര് കണ്ടതോടെ മോഷണം നടത്തിയത് അഹമ്മദ് തന്നെയാണെന്നു ബോധ്യമായി. ഇയാളുടെ സമീപത്തു ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നു കമ്പിപ്പാരയും കണ്ടെടുത്തു.തുടർന്നു അഹമ്മദിനെ ചെറുപുഴ പൊലീസിനു കൈമാറി. നേരത്തെ വിറക് കീറുന്ന ജോലിയ്ക്ക് ചെറുപുഴയിൽ വന്നിരുന്നതായി അഹമ്മദ് പൊലീസിനോട് പറഞ്ഞു.