റബർവിലയിൽ വൻ ഇടിവ് കർഷകർ ദുരിതത്തിൽ

Share our post

കേളകം: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ വില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി. ഇതോടെ കർഷകർ വൻ പ്രതിസന്ധിയിലായി.

റബർ ലോട്ടിന് 135 രൂപയും ഒട്ടു പാലിന് 80 രൂപയുമാണ് വില. ഉൽപാദനത്തകർച്ചയും രോഗബാധയും കർഷകനെ വലക്കുന്നതിനു പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയതോതിൽ വർധിച്ചിരുന്നു.

നീണ്ട മഴക്കാലം കടന്ന് തോട്ടങ്ങളിൽ ടാപ്പിങ് തുടങ്ങിയത് മുതൽ വിലത്തകർച്ചയുടെ നാളുകളായിരുന്നു. ഫംഗസ് ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുൽപാദനം പകുതിയായി. ഇലകൊഴിഞ്ഞ തോട്ടങ്ങളിൽ ഉൽപാദനം ഇനിയും കുറയാനാണ് സാധ്യത. ആഗസ്റ്റ് ആദ്യവാരം കിലോക്ക് 170 രൂപക്ക് മുകളിലുണ്ടായിരുന്ന റബർവില അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് അനുബന്ധിച്ചാണ് താഴ്ന്നുതുടങ്ങിയത്.

മഴ പിൻവാങ്ങിയതോടെ മഴമറ ഇടാത്ത തോട്ടങ്ങളിലും റബർ ടാപ്പിങ് ആരംഭിച്ചതോടെ റബർ ഉൽപാദനം വർധിച്ചിട്ടുണ്ട്. റബര്‍വിപണി വന്‍ പ്രതിസന്ധിയില്‍ വീണ്ടും തകര്‍ന്നടിയുന്നതിൻറെ വിഷമവൃത്തത്തിലാണ് റബർ കർഷകർ. വിലയിടിവ് താൽക്കാലികം മാത്രമെന്നുള്ള റബര്‍ ബോര്‍ഡ് പല്ലവിയിൽ കർഷകർക്കും വിശ്വാസം കുറഞ്ഞു.

ഉൽപാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി മാറുകയാണെന്നാണ് കർഷകൻറെ പരാതി.

സ്വാഭാവിക റബറിന്‍റെയും കോമ്പൗണ്ട് റബറിന്‍റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് മുഖ്യഘടകം. മഴമൂലം ടാപ്പിങ് തടസ്സപ്പെട്ടിട്ടും അപ്രതീക്ഷിത ഇലപൊഴിച്ചില്‍മൂലവും ഉൽപാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്‍റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണെന്നാണ് കർഷകരുടെ പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!