കണ്ണൂരിൽ ജീവനും ഭീഷണിയാണ് തകർന്ന റോഡുകൾ

Share our post

കണ്ണൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരുടെ ജീവന് ഭീഷണിയായി. ദേശീയപാത, കോർപറേഷൻ റോഡുകളാണ് തകർന്നത്. പലയിടങ്ങളിലും റോഡുകൾ തകർന്നു തരിപ്പണമായിട്ടും തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദേശീയപാതയിൽ പള്ളിക്കുന്ന് മുതൽ കാൾടെക്സ് വരെ നിരവധി ആഴത്തിലുള്ള ഗർത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. തുലാം മഴയിൽ ഇവയിലൊക്കെ വെള്ളം നിറഞ്ഞാൽ ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർക്ക് മരണക്കെണിയാകുമോയെന്ന ആശങ്ക ശക്തമാണ്.

കോർപ്പറേഷൻ പരിധിയിലെ ചേനോളി ജംഗ്ഷൻ മുതൽ കക്കാട് വരെയും യോഗശാല മുതൽ ഓലച്ചേരി കാവുവരെയും കോട്ടമാർ മസ്ജിദ് മുതൽ തളാപ്പ് അമ്പലംവരെയുള്ള റോഡിലും എണ്ണമറ്റ കുഴികളാണ് യാത്രക്കാരെ എതിരേൽക്കുന്നത്.ബർണശേരിയിലും ഇതുതന്നെയാണ് അവസ്ഥ. മുനീശ്വരൻ കോവിലിൽ നിന്നും പയ്യാമ്പലം വരെയുള്ള കുടിവെള്ള പൈപ്പിനായി റോഡു കീറിയത് ഇതുവരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇവിടെ ഒരു കാൽ നടയാത്രക്കാരിക്ക് കുഴിയിൽ വീണു പരുക്കേറ്റിരുന്നു.

കണ്ണൂർ നഗരത്തിൽ നടക്കുന്ന മിക്ക വാഹനാപകടങ്ങൾക്കും പിന്നിൽ റോഡിലെ കുഴികൾ വെട്ടിക്കുന്നതോ, വീഴുന്നതോയാണെന്ന് ട്രാഫിക്ക് പൊലീസ് പറയുമ്പോഴും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് അധികൃതർ. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ചില കുഴികൾ താൽക്കാലികമായി അടയ്ക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കുളളിൽ ഇവ പഴയസ്ഥിതിയിലാവുകയാണ് പതിവ്.ഓടാൻ മടിച്ച് ഓട്ടോറിക്ഷകൾകണ്ണൂർ കോർപറേഷനിലെ ഇടറോഡുകളുടെ സ്ഥിതി അതിദയനീയമാണ്.

പല റോഡുകളിലേക്കും സർവീസ് നടത്താൻ ഓട്ടോറിക്ഷകൾ തയ്യാറാകുന്നില്ലെന്നും നഗരവാസികൾ പറയുന്നു. അതികഠിനമായ ഗതാഗതകുരുക്കും റോഡിലെ കുഴികളും കണ്ണൂർ നഗരത്തിലൂടെയുള്ള വാഹനയാത്ര നരക തുല്യമാക്കുന്നു. ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിൽ പോലും അപകടങ്ങളും ദുരന്തങ്ങളും പതിവായിരിക്കുകയാണ്. കാൾടെക്സ് ജംഗ്ഷനിൽ മാത്രം മൂന്ന് പേർ അപകടങ്ങളിൽ അടുത്തിടെ മരിച്ചു.

തകർന്നു തരിപ്പണമായ കണ്ണൂർ കോർപറേഷനിലെ പോത്തേരി ജംഗ്ഷൻ തളാപ്പ് അമ്പലം റോഡ്പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്രത്തെ ഹനിക്കുകയാണ്. ഇനിയെങ്കിലും തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും. അഡ്വ. ദേവദാസ് തളാപ്പ് (മനുഷ്യാവകാശ പ്രവർത്തകൻ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!