പീഡനക്കേസിലെ പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനം

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു. കുറ്റിക്കാട്ടൂരിലാണ് സംഭവം.നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിൽനിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവിന് ക്രൂരമായി മർദനമേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരാണ് അറസ്റ്റിലായത്.ആക്രമണത്തിൽ പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.10നാണ് കുറ്റിക്കാട്ടൂരിന് സമീപത്തെ വീട്ടിൽ നിന്ന് ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ കുടുംബാംഗങ്ങളും മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചു.അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇർഷാദുൽ ഹാരിസ്.