പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയ ചിലന്തികൾ

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽനിന്ന് രണ്ട് പുതിയ ഇനം ചിലന്തികളെക്കൂടി ഗവേഷകർ കണ്ടെത്തി. സാൽട്ടിസിഡേ കുടുംബത്തിൽപ്പെടുന്ന ഇവയ്ക്ക് ഹാബ്രോസെസ്റ്റം ശെന്തുരുണീയെൻസിസ്, ഹാബ്രോസെസ്റ്റം കേരള എന്നിങ്ങനെ പേരിട്ടു.
കേരള സർവകലാശാലാ സുവോളജി വകുപ്പ് മേധാവി ഡോ. ജി.പ്രസാദിന്റെ നേതൃത്വത്തിൽ എ.അസിമ, നിഷി ബാബു എന്നിവർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. യൂറേഷ്യൻ, ആഫ്രിക്കൻ മേഖലകളിൽക്കാണുന്ന ഈ വംശത്തിലെ ഒരു സ്പീഷിസ് മാത്രമാണ് ഇതുവരെ ഇന്ത്യയിൽ കണ്ടിട്ടുള്ളത്.
പതുങ്ങിയിരുന്ന് ഇരപടിക്കുന്ന ഇവയ്ക്ക് രണ്ടുമുതൽ ആറുമില്ലീമീറ്റർ വരെ വലിപ്പമുണ്ട്. ആൺചിലന്തിയുടെ ഉദരത്തിൽ കാണുന്ന ‘വി’ ആകൃതിയിലുള്ള അടയാളം ഇവയുടെ സവിശേഷതയാണ്. കണ്ടെത്തൽ രാജ്യാന്തര ശാസ്ത്രമാസികയായ ആർത്രോപോഡ സെലക്ടയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.