കണ്ണൂർ കുഞ്ഞിമംഗലത്ത് ‘ഗോളടിക്കാൻ’ മറഡോണയുണ്ട്

കുഞ്ഞിമംഗലം : നാട് സോക്കറാരവത്തിലേക്ക് നടന്നുകയറുമ്പോൾ ‘ഗോളടിക്കാൻ’ കുഞ്ഞിമംഗലത്ത് ഡീഗോ മറഡോണയും ഒരുങ്ങുന്നു. ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പൂർണകായ ശിൽപ്പത്തിലാണ് മറഡോണയുടെ പുനർജന്മം.മറഡോണ കണ്ണൂരിൽ വന്നപ്പോൾ താമസിച്ച ഹോട്ടൽ ബ്ലൂ നൈലിനുവേണ്ടിയാണ് ശിൽപ്പം നിർമിക്കുന്നത്. മറഡോണയുടെ കടുത്ത ആരാധകനായ ബ്ലൂനൈൽ ചെയർമാൻ വി രവീന്ദ്രനാണ് ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന ശിൽപ്പത്തിന്റെ സൂത്രധാരൻ. അഞ്ചടി അഞ്ചിഞ്ച് ഉയരത്തിൽ അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ബോളുമായി മുന്നോട്ടുനീങ്ങുന്ന മറഡോണയാണ് ശിൽപ്പത്തിലുള്ളത്. ഫുട്ബോളും യഥാർഥ അളവിലാണ് നിർമിച്ചത്.
ശിൽപ്പ നിർമാണത്തിനായി മറഡോണ വേൾഡ് കപ്പ് കളിക്കുന്ന സമയത്തുള്ള യഥാർഥ ഫോട്ടോയും വീഡിയോകളുമാണ് ഉപയോഗിച്ചതെന്ന് ചിത്രൻ പറഞ്ഞു.കെ ചിത്ര, കെ കിഷോർ, കെ വി ശശികുമാർ, സുനീഷ്, അർജുൻ തുടങ്ങിയവർ സഹായികളായി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് ചിത്രൻ.ശിൽപ്പം കണ്ണൂരിൽ ബ്ലൂ നൈൽ ഹോട്ടലിനുമുന്നിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥാപിക്കും.