മമ്പറത്ത് 14 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ
പിണറായി : മമ്പറത്ത് 14 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മൈലുള്ളിമെട്ടയിൽ വാഹന പരിശോധനയ്ക്കിടെയാണ് എം.ഡി.എം.എയുമായി പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെ പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ഇയാൾ എം.ഡിഎം.എ വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഞായറാഴ്ച രാവിലെ മമ്പറത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ഇതേ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് 40 ഗ്രാം എം.ഡി.എം.എയുമായി മറ്റൊരാൾ പിടിയിലായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നും ഒരേ ആളാണോ ഇരുവർക്കും എം.ഡി.എം.എ വിതരണം ചെയ്തതെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. എക്സൈസ് പിണറായി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് എം.ഡി.എം.എ പിടികൂടിയത്.
