കൈത്തറി മേഖലയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം

കണ്ണൂർ: ജില്ലയിലെ കൈത്തറി മേഖലയ്ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ തീരുമാനം. കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. ഇതുപയോഗിച്ച് ജില്ലയിൽ ആകെയുള്ള 36 സംഘങ്ങൾക്കും നൂല് വാങ്ങി നൽകും.
സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ ജില്ലയായി തിരഞ്ഞെടുത്തപ്പോൾ പുരസ്കാരമായി ലഭിച്ച ഒരുലക്ഷം രൂപ വയോധികരെ ആദരിക്കാൻ ഉപയോഗിക്കും. 100 വയസ് കഴിഞ്ഞവരെയാണ് വീടുകളിലെത്തി ആദരിക്കുക. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക്തല ഭിന്നശേഷി സംഗമം നടത്തും. 100 ആദിവാസി കോളനികൾ സമഗ്ര വികസനത്തിനായി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഡിജിറ്റൽ സർവ്വേക്കായി പ്രത്യേക ആപ്ലിക്കേഷൻ തയ്യാറാക്കാനും തീരുമാനിച്ചു.
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.കെ രത്‌നകുമാരി, യു.പി ശോഭ, അഡ്വ. ടി. സരള, വി.കെ സുരേഷ് ബാബു, സെക്രട്ടറി ഇൻചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു