തലശേരി ജനറൽ ആസ്പത്രി നവീകരിച്ച പീഡിയാട്രിക് വാര്‍ഡും ഐസിയുവും തുറന്നു

തലശേരി: ജനറൽ ആസ്പത്രിയിൽ നവീകരിച്ച പീഡിയാട്രിക് വാർഡും ഐസിയുവും സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ മിഷന്റെ എമർജൻസി കോവിഡ് റസ്പോൺസ് പാക്കേജ് രണ്ടിൽ ഉൾപ്പെടുത്തി 16.5 ലക്ഷം വിനിയോഗിച്ചാണ് ഐസിയു നവീകരിച്ചത്. 60 ലക്ഷം ഉപയോഗിച്ച് ഉപകരണങ്ങളും സജ്ജമാക്കി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നൽകിയ 3.36 ലക്ഷം ഉപയോഗിച്ചാണ് കുട്ടികളുടെ വാർഡ് നവീകരിച്ചത്. ഒരേ സമയം ഐസിയുവിൽ അഞ്ചും വാർഡിൽ ഇരുപതും കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ എം ജമുനറാണി അധ്യക്ഷയായി. എകെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, ട്രഷറർ പി ജയപ്രകാശ് എന്നിവരെ ആദരിച്ചു. വെെസ് ചെയർമാൻ വാഴയിൽ ശശി, സി കെ രമേശൻ, ഫെെസൽ പുനത്തിൽ, ഡോ. കെ സന്തോഷ്, എം പി സുമേഷ്, പൊന്ന്യം കൃഷ്ണൻ, അഡ്വ. കെ എ ലത്തീഫ്, രമേശൻ ഒതയോത്ത്, പി പ്രസന്നൻ, ബി പി മുസ്തഫ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ആശാദേവി സ്വാഗതവും ആർഎംഒ വി എസ് ജിതിൻ നന്ദിയും പറഞ്ഞു.