ഇരിണാവ് നങ്ങോളങ്ങര ഭഗവതി കാവിൽ ഇനി കളിയാട്ടകാലം

Share our post

പാപ്പിനിശ്ശേരി : ഇരിണാവ് നങ്ങോളങ്ങര ഭഗവതി കാവിൽ ഇനി മൂന്നാഴ്ചയോളം ദിവസേന ഭഗവതി തെയ്യം കെട്ടിയാടും. ക്ഷേത്ര നിർമിതികൾ ഒന്നുമില്ലാത്ത കാവിൽ സന്ധ്യയോടെ കുത്തുവിളക്കിന്റെ ഇത്തിരി വെളിച്ചത്തിൽ നങ്ങോളങ്ങര ഭഗവതി തെയ്യം പുറപ്പെടും. തുലാം 11 ന് തുടങ്ങുന്ന തെയ്യം കെട്ടിയാടിക്കൽ വൃശ്ചിക സംക്രമം വരെ നടക്കും. ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്.

വിളക്കു വെക്കാനുള്ള മൺതറയും വള്ളിക്കെട്ടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് കാവിലുള്ളത്. സന്താനലബ്ധിക്കായി ഭക്തരുടെ നേർച്ചയായാണ് തെയ്യം കെട്ടിയാടിക്കുന്നത്. സന്ധ്യയ്ക്ക് ഒരു മണിക്കൂർ നേരം മാത്രമായിരിക്കും ചടങ്ങ്. ഇന്നലെ ക്ഷേത്രം തറവാട്ടുകാരായ കാട്ടാമ്പള്ളി രയരോത്തു വീട്ടുകാരാണ് തെയ്യം കെട്ടിയാടിച്ചത്. ആദ്യ 3 ദിവസങ്ങളിൽ തറാവാട്ടുകാരുടെ തെയ്യം നടന്നതിനു ശേഷം നേർച്ചത്തെയ്യം കെട്ടിയാടും. വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം നടക്കുന്നത്.

കൊടിയിലത്തോറ്റമോ, അന്തി തോറ്റമോ ഇല്ലാതെ ഒരു വീക്കു ചെണ്ടയുടെ പതിഞ്ഞ താളത്തിൽ ഭഗവതി സ്തുതി പാടിയാണ് തെയ്യം മുടി വക്കുന്നത്. കാവിനുള്ളിലെ വള്ളിക്കുടിലിനുള്ളിൽ വച്ചാണ് മുഖത്തെഴുത്ത്. മാടായി കാവിലമ്മയുടെ സഹോദരിയാണെന്നാണു വിശ്വാസം. വൃശ്ചിക സംക്രമത്തലേന്നു ദേവിയെ അകംപാടി അടക്കുന്നതോടെ പിന്നെ ഒരു വർഷക്കാലത്തേക്ക് ആർക്കും ഈ ദേവസ്ഥാനത്ത് പ്രവേശനമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!