എം.എൽ.എയ്ക്ക് വധഭീഷണി: യുവാവ് അറസ്റ്റിൽ

പയ്യന്നൂർ :ടി.ഐ.മധുസൂദനൻ എംഎൽഎയ്ക്കെതിരെ ഫോണിൽ വധഭീഷണി മുഴക്കിയ ചെറുതാഴം കൊവ്വൽ കോളനിയിലെ പി.വിജേഷ് കുമാറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയത്തെ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ഒളിച്ചു താമസിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് മുണ്ടക്കയത്തെ ത്തിയത്. ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന പേരിൽ പൂജാരിയായി കഴിയുകയായിരുന്നു പ്രതിയെന്നു പൊലീസ് പറഞ്ഞു.
ഈ മാസം 5നായിരുന്നു എംഎൽഎയുടെയും സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. പ്രതി ആർഎസ്എസ് പ്രവർത്തകനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചിരുന്നു. എസ്ഐ പി.വിജേഷ്, എഎസ്ഐ അബ്ദുൽ റൗഫ്, പി.കെ.വിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.