തലശ്ശേരി ജനറൽ ആശുപത്രിയില്‍ കുട്ടികളുടെ വാർഡ് തുറന്നു

തലശ്ശേരി : ഒടുവിൽ ജനറൽ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാർഡും ഐസിയുവും തുറന്നു. കോവിഡ് വാർഡ് ആക്കി മാറ്റിയതിന് ശേഷം കുട്ടികളുടെ വാർഡ് തുറന്നിരുന്നില്ല. ഇതേത്തുടർന്ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 3.36 ലക്ഷം രൂപ ചെലവിൽ വാർഡ് നവീകരിച്ചെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. കുട്ടികളെ കിടത്തി ചികിത്സിക്കാൻ സ്ഥലമില്ലാത്തതിനാൽ മറ്റു ആശുപത്രികളി ലേക്ക് പറഞ്ഞയക്കുന്നത് പതിവായി. ഇതു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇന്നലെ വൈകിട്ട് സ്പീക്കർ എ.എൻ.ഷംസീർ കുട്ടികളുടെ വാർഡും ഐസിയുവും ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമാണ പ്രവൃത്തി അടുത്തമാസം ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് കുട്ടികളുടെ ഐസിയു നവീകരിച്ചത്. നവീകരണത്തിന് 16.5 ലക്ഷം രൂപയും ഉപകരണങ്ങൾക്ക് 84.25 ലക്ഷം രൂപയും ചെലവഴിച്ചു.
നെഗറ്റീവ് പ്രഷർ സിസ്റ്റത്തിലാണ് ഐസിയു സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് പോലുള്ള രോഗങ്ങൾ വന്നവരെ പ്രവേശിപ്പിച്ചാൽ മറ്റു രോഗികൾക്കും ചികിത്സിക്കുന്നവർക്കും പകരാതിരിക്കാനുള്ള സംവിധാനം ഇതിനകത്തുണ്ട്. നഗരസഭാ അധ്യക്ഷ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, അംഗങ്ങളായ ഫൈസൽ പുനത്തിൽ, ടി.കെ.സാഹിറ, ഡിഎംഒ: ഡോ. നാരായണ നായ്ക്ക്, സൂപ്രണ്ട് ഡോ. ആശാദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ.അനിൽകുമാർ,
ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ ബി. രാംപ്രകാശ്, പി.ജയപ്രകാശ്, എൻ.വിനോദ്കുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.സന്തോഷ്, സി.കെ.രമേശൻ, എം.പി.അരവിന്ദാക്ഷൻ, എം.പി.സുമേഷ്, പൊന്ന്യം കൃഷ്ണൻ, കെ.എ.ലത്തീഫ്, രമേശൻ ഒതയോത്ത്, പി.പ്രസന്നൻ, ജോർജ് പീറ്റർ, ബി.പി.മുസ്തഫ, ആർഎംഒ: ഡോ. വി.എസ്.ജിതിൻ എന്നിവർ പ്രസംഗിച്ചു.