കള്ളനോട്ട് ശൃംഖലയിലെ രണ്ടു പേർ അറസ്റ്റിൽ

കായംകുളം: പൊലീസിന്റെ ചടുല നീക്കത്തിൽ കള്ളനോട്ട് ശൃംഖലയിലെ വമ്പൻ കണ്ണികൾ പിടിയിൽ. രണ്ടുപേരെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ പേരെ വലയിലാക്കിയതായാണ് സൂചന.കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽനിന്നും തഴവ വടക്കുംമുറി തട്ടാശ്ശേരിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന സുനിൽദത്ത് (54), ഇലിപ്പക്കുളം ചൂനാട് തടായിൽവടക്കതിൽ അനസ് (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പണം എത്തിച്ചവരും വാങ്ങിയവരുമായ നിരവധി പേർ നിരീക്ഷണത്തിലാണ്.
സുനിൽ ദത്തിന്റെ ഭാര്യ സിലിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനായി കാപ്പിൽ കുറ്റിപ്പുറത്ത് ഭാഗത്ത് വിമുക്തഭടനായ ശശികുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫിനോ പേമൻറ് ബാങ്കിൽ 36,500 രൂപ ഏൽപ്പിച്ചിരുന്നു. ഇത് കായംകുളം എസ്.ബി.ഐ പേഴ്സനൽ ബിസിനസ് ശാഖയിൽ അടക്കാനായി എത്തിയതോടെയാണ് ഇതിൽ 73 എണ്ണം കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് അധികൃതർ അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്.
പൊലീസ് നിർദേശപ്രകാരം ശശികുമാർ തന്ത്രപരമായി സുനിൽദത്തിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അനസിലേക്ക് എത്തിയത്. പലർക്കായി അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, ബാംഗളൂരു എന്നിവിടങ്ങളിലേക്ക് നീളുന്ന വിപുല ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. കായംകുളം ടൗൺ കൂടാതെ, വള്ളികുന്നം, ഇലിപ്പക്കുളം, കൃഷ്ണപുരം, ചാരുംമൂട്, കറ്റാനം ഭാഗങ്ങളിലും കള്ളനോട്ട് വ്യാപകമായി വിതരണം ചെയ്തതായാണ് പൊലീസിന്റെ സംശയം.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേരെ കള്ളനോട്ടുമായി പിടികൂടാൻ കഴിഞ്ഞതായി സൂചനയുണ്ട്. രണ്ടര ലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് നൽകിയിരുന്നത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാണെന്നും കൂടുതൽ പേർ അടുത്തദിവസം തന്നെ പിടിയിലാകുമെന്നും ഡി.വൈ.എസ്.പി അലക്സ് ബേബിയും സി.ഐ മുഹമ്മദ് ഷാഫിയും പറഞ്ഞു.ഇവരെ കൂടാതെ എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ദീപക്, ഷാജഹാൻ, വിഷ്ണു, അനീഷ്, രാജേന്ദ്രൻ, സുനിൽ, വിനോദ്, റജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.