മാല മോഷ്‌ടാവ് രക്ഷപ്പെടാൻ കാട്ടിലേക്ക് ഓടിക്കയറി, പിടിക്കാനെത്തിയ പൊലീസുകാരന് പാമ്പിന്റെ കടിയേറ്റു

മട്ടന്നൂർ : മോഷ്‌ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നുർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്.നായാട്ടുപാറയിൽ വഴിയാത്രക്കാരിയുടെ മൂന്നുപവന്റെ സ്വർണമാല ബെെക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് കടന്നുകളഞ്ഞു.
മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് മട്ടന്നൂർ പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിനിടെ മോഷ്ടാകൾ കീഴല്ലുരിൽ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഒരാൾ കാട്ടിനുള്ളിലേക്ക് ഓടികയറി. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് പൊലീസ് ഉദ്യോഗസ്ഥാന് പാമ്പുകടിയേറ്റത്. തുടർന്ന് പൊലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. പൊലീസുകാരനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചു.