വിഷ്ണുപ്രിയ കേസിൽ പ്രതിയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു

തലശേരി :പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (26) അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മൂന്നുദിവസം പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ പാനൂർ എസ്‌എച്ച്‌ഒ എം പി ആസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 29ന് പകൽ 11.30ന് കോടതിയിൽ തിരികെ ഹാജരാക്കണം.
പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെതുടർന്ന് കണ്ണൂർ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്‌ച രാവിലെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. 22ന് രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ് യുവതി കൊല്ലപ്പെട്ടത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി വീട്ടിലെ മുറിയിൽ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട് വെട്ടി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തിയതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംഭവദിവസം മാനന്തേരിയിൽവച്ച് പാനൂർ എസ്‌ഐ സി സി ലതീഷാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്. കണ്ണൂർ ജില്ലാ ജയിലിൽ നവംബർ അഞ്ചുവരെ റിമാൻഡുചെയ്‌തതാണ്. ആയുധം വാങ്ങിയ കടയിലും പെൺകുട്ടിയെപിന്തുടർന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്ന് കസ്‌റ്റഡി അപേക്ഷയിൽ അന്വേഷകസംഘം ബോധിപ്പിച്ചു.
തെളിവെടുപ്പ് ആരംഭിച്ചു
വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. വ്യാഴം പകൽ പന്ത്രണ്ടരയോടെ പ്രതിയെ അന്വേഷകസംഘം കൂത്തുപറമ്പ് എസിപി ഓഫീസിലെത്തിച്ചു. കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. 12.45 ഓടെ കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ വ്യാപാര സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
19ന് പകൽ മൂന്നോടെയാണ് ശ്യാംജിത്ത് ഈ കടയിലെത്തി ചുറ്റിക, ഗ്ലൗസ്, സ്ക്രൂ എന്നിവ വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചു.
ഇവിടെനിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കഴിഞ്ഞമാസം കോഴിക്കോടുവച്ച് വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച കത്തി സ്വന്തമായി നിർമിക്കാൻ ഉപയോഗിച്ച ഉപകരണം എത്തിച്ച ഇരിട്ടിയിലും, കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനി വൈകിട്ട് കസ്റ്റഡി കാലാവധി അവസാനിക്കും.
പൊന്നാനി സ്വദേശി പ്രധാന സാക്ഷിയാകും
തലശേരി
വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്‌ണുപ്രിയ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വീഡിയോ കോൾ ചെയ്‌ത പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയാകും. ഇയാളുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് പ്രതി മാനന്തേരി സ്വദേശി എ ശ്യാംജിത്ത് യുവതിയുടെ വീട്ടിലെത്തിയത്. ‘ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും’ വിഷ്‌ണുപ്രിയ ആശങ്കയോടെ പൊന്നാനി സ്വദേശിയോട് പറഞ്ഞതായി അന്വേഷകസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
ശ്യാംജിത്തിനെ സാക്ഷി കണ്ടതിനുശേഷമാണ് വീഡിയോ കോൾ കട്ടായത്. സംശയം തോന്നിയ പൊന്നാനി സ്വദേശി പ്രിയക്ക് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയിൽ ലിനീഷിനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുപ്രിയ നേരത്തെ മാനന്തേരി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പിണങ്ങിയതാണ് വിരോധത്തിന് കാരണം. കൊലപാതകത്തിന് മുമ്പ് ഒരു ചെറുപ്പക്കാരനെ വിഷ്‌ണുപ്രിയയുടെ വീടിന് സമീപം കണ്ടതായി സമീപവാസികളായ മുകുന്ദൻ, സരോജിനി എന്നിവരും മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും ആയുധം നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സാമഗ്രികൾ സൂക്ഷിച്ച ബാഗും മോട്ടോർ സൈക്കിളും കസ്‌റ്റഡിയിലെടുത്തത്. സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞതായി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അന്വേഷകസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു