കടുവ ഇപ്പോൾ വിശ്രമത്തിൽ, ഇനി ഏതുവഴി പുറത്തിറങ്ങിയാലും ‘ക്യാമറ പിടിക്കും’: കാടടച്ച് പടയൊരുക്കം

ബത്തേരി: മൂന്നു വന്യജീവികളെ ആക്രമിച്ച് ഒന്നിനെ പാതി ഭക്ഷിച്ച ചീരാൽ കടുവ ഇന്നലെ നാട്ടിലെത്തിയില്ല. കടുവ ഉണ്ടെന്നു കരുതുന്ന വനമേഖലയെ ക്യാമറക്കണ്ണുകൾ കൊണ്ട് പൂട്ടാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. നാട്ടിലിറങ്ങി കന്നുകാലികളെ പിടികൂടുന്ന കടുവ തീറ്റയെടുത്ത ശേഷം, സ്ഥിരമായി വിശ്രമിക്കുന്നതെന്നു കരുതുന്ന വനാന്തര മേഖലയിലാണ് കടുവ ഏതു വഴി പുറത്തേക്കിറങ്ങിയാലും കണ്ടെത്താമെന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഫ്ലാഷ് ക്യാമറകളും ലൈവ് ക്യാമറകളും ദൗത്യത്തിനായി എത്തിക്കുന്നുണ്ട്. പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള വനത്തിലെ പൊന്തക്കാട്ടിലേക്കാണ് കടുവ പകൽവിശ്രമത്തിനായി പോകുന്നതെന്നാണ് കരുതുന്നത്.
ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളിൽ കടുവ പതിഞ്ഞാൽ മയക്കുവെടി അടക്കമുള്ള ദൗത്യം എളുപ്പമാകും. കടുവ ഉണ്ടെന്ന കരുതുന്ന കാടിനു ചുറ്റും 30 ക്യാമറകളാണ് ഇതുവരെ സ്ഥാപിച്ചത്, വേണ്ടി വന്നാൽ ഇനിയും സ്ഥാപിക്കും. ഒരു കൂടും പ്രദേശത്ത് സ്ഥാപിച്ചു. 2 കൂടുകൾ കൂടി മുതലമലയിൽ നിന്ന് എത്തിക്കും. ഇതോടെ കടുവയെ കെണിയിലാക്കാൻ സ്ഥാപിക്കുന്ന കൂടുകളുടെ എണ്ണം ആറാകും. ഡ്രോപ് നെറ്റ് ദൗത്യത്തിനുള്ള വലയും ഏറുമാടവും തയാറായിക്കഴിഞ്ഞു. മരത്തിനു മുകളിൽ വലയും മാടവും സ്ഥാപിച്ച് ദൗത്യത്തിനൊരുങ്ങും. കുങ്കിയാനകളായ വിക്രമും ഭരതും സ്ഥലത്തെത്തി ആർആർടി സംഘത്തോടൊപ്പം കടുവയെ തിരയുന്നുണ്ട്.
സ്ഥലത്ത് ക്യാംപ് ചെയ്ത് ഉന്നത സംഘം
ബത്തേരി∙ ചീരാൽ കടുവ വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ള ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു പ്രവർത്തനങ്ങൾ വിലയിരുത്തി തുടങ്ങി. തമിഴ്നാട് ആർആർടി സംഘത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡോ. ജയപ്രസാദ്, പാലക്കാട് സിസിഎഫ് മുഹമ്മദ് സബാബ്, നോഡൽ ഓഫിസർ ഉത്തരമേഖലാ സിസിഎഫ് ദീപ, വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, ഡിഎഫ്ഒമാരായ എ. ഷജ്ന, ഡി. ഹരിലാൽ, മാർട്ടിൻ ലോവൽ, എസിഎഫുമാരായ വി. രാജൻ, ജോസ് മാത്യു,അസിസ്റ്റന്റ് വൈല്ഡ‍് ലൈഫ് വാർഡൻമാർ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നു.
വനം മന്ത്രി വയനാട്ടിലെത്തും, നഷ്ടപരിഹാരം ഒരു ലക്ഷമാക്കും
ബത്തേരി∙ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും ചീരാൽ ജനകീയ സമിതി നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ തിരുവനന്തപുരത്ത് കണ്ടു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭ വിഷയം ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ,വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പശുവിന് 1 ലക്ഷം രൂപയും കിടാവിന് 60000 രൂപയും നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ ഉത്തരവിറക്കും. നിലവിൽ അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. 30 ലൈവ് ക്യാമറകൾ സ്ഥാപിക്കും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വയനാട്ടിലെത്തും.കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും.
കടുവാ ദൗത്യത്തിനായി ഒരു പിസിസിഎഫിനെയും 2 സിസിഎഫിനെയും പ്രത്യേകമായി ജില്ലയിലേക്ക് അയയ്ക്കും.കടുവയെ പിടികൂടുന്നതിനു മറ്റു ജില്ലകളിൽ നിന്നുള്ള ആർആർടി സംഘാംഗങ്ങളെയും ജില്ലയിലെത്തിക്കും. വേണ്ടി വന്നാൽ രാത്രിയും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ആശ്വാസ തീരുമാനങ്ങൾ ഉണ്ടായതോടെ പഴൂരിൽ നടത്തി വന്ന രാപകൽ സമരം സമരസമിതി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ട നിവേദക സംഘത്തിൽ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല പുഞ്ചവയൽ, കെ.ഇ. വിനയൻ, മേഴ്സി സാബു, ചീരാൽ ജനകീയ സമര സമിതി ചെയർമാൻ കെ. ആർ. സാജൻ, കൺവീനർ എം.എ. സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി ബിഷപ്പുമാർ
ബത്തേരി∙ കടുവാ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ചീരാൽ നിവാസികൾക്ക് ഐക്യദാർഢ്യവുമായി മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസും ഇന്നലെ രാപകൽ സമരപ്പന്തലിലെത്തി.സമരസമിതി നേതാക്കളുമായി ബിഷപ്പുമാർ ആശയ വിനിമയം നടത്തുകയും കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.