കണിച്ചാറിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്ത നിവാരണ സമിതി

Share our post

പൂളക്കുറ്റി : സംസ്ഥാന ദുരന്ത നിവാരണ സമിതി അംഗങ്ങൾ കണിച്ചാർ പഞ്ചായത്തിലെ പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന ആരംഭിച്ചു. പൂളക്കുറ്റി, നെടുംപുറംചാൽ മേഖലയിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഉരുൾപൊട്ടലിൽ തകർന്നതും കേടുപാട് സംഭവിച്ചതുമായ വീടുകൾ, റോഡുകൾ, പാലങ്ങൾ എന്നിവയാണ് സംഘം പരിശോധിക്കുന്നത്. മുൻപ് ദുരന്ത നിവാരണ സമിതി മെംബർ സെക്രട്ടറി ശേഖർ പി കുര്യാക്കോസ്, ഡോ.വിജിത്ത്, ഡോ.പ്രതീഷ് മാമൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം കണിച്ചാറിൽ എത്തി പഠനം നടത്തിയിരുന്നു.

പഞ്ചായത്ത് അംഗങ്ങൾ, പ്രശ്ന ബാധിതർ എന്നിവരുമായി അന്ന് നടത്തിയ ചർച്ചകളിൽ പരാമർശിച്ച വിഷയങ്ങളിൽ വിശദമായ പഠനം നടത്തുന്നതിനാണ് ഇപ്പോൾ പുതിയ സംഘത്തെ അയച്ചത്. ഉരുൾ പൊട്ടൽ മേഖലയിലെ തുടർന്നുള്ള പ്രവർത്തനങ്ങളും അതിജീവനവും എന്ന വിഷയത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പഠനം നടത്തുന്നത്. ഡോ.പഞ്ചമി, ഡോ.അമൃത, ഡോ.ചാന്ദ്നി, ഡോ.അജിൽ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സംഘമാണ് ഇത്തവണ പരിശോധനയും പഠനവും നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ഷോജറ്റ് ചന്ദ്രൻകുന്നേൽ എന്നിവരും പരിശോധനയ്ക്ക് എത്തിയ സംഘത്തോട് ഒപ്പം ഉണ്ടായിരുന്നു. ഉരുൾ പൊട്ടൽ ഉണ്ടാകുന്ന പ്രദേശങ്ങളിലെ അതിജീവന പദ്ധതികളുടെ മോഡൽ വില്ലേജ് ആയി കണിച്ചാർ പഞ്ചായത്തിനെ മാറ്റുന്നതിനാണ് പദ്ധതി തയാറാക്കുക എന്ന് വിദഗ്ധ സംഘം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ സർക്കാരിന് സമർപ്പിക്കും. മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നും കൂടുതൽ വിശദീകരണം വേണ്ടതായി ഉണ്ടോ എന്നും പരിശോധിച്ച ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക. ജില്ല കലക്ടർ ആയിരിക്കും റിപ്പോർട്ട് പരിശോധിച്ച് സമർപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!