മലബാറിൽ അപൂർവ്വരോഗം ബാധിച്ചവർ ദുരിതത്തിൽ; വേണം വിദഗ്ദ്ധ ചികിത്സ

കണ്ണൂർ: മലബാറിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് മതിയായ സംവിധാനമില്ലാത്തത് അപൂർവ്വ രോഗം ബാധിച്ചവരെ ദുരിതത്തിലാക്കുന്നു. അപൂർവരോഗ ചികിത്സയ്ക്ക് രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രം തുടങ്ങാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്നും മലബാറിനെ അവഗണിച്ചിരിക്കുകയാണ്.തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക അപൂർവ രോഗങ്ങൾ ഏറെയുള്ള മലബാർ പ്രദേശത്ത് ഇങ്ങനെയൊരു കേന്ദ്രം സ്ഥാപിക്കേണ്ടത് അപൂർവരോഗ വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും വളരെ അത്യാവശ്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.
ദക്ഷിണേന്ത്യയിൽ ആകെക്കൂടി ഏർപ്പെടുത്തിയ മികവിന്റെ കേന്ദ്രം ബംഗളൂരുവിലെ സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്‌സ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ ആയിരുന്നു. നിലവിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രോഗികൾക്ക് അവിടെ പോകേണ്ട സ്ഥിതിയാണ്. അന്യ സംസ്ഥാനത്തെ വിദൂര കേന്ദ്രത്തിൽ പോയി ചികിത്സയെടുക്കുകയെന്ന ബുദ്ധിമുട്ട് കാരണം രോഗികളാരും തന്നെ അങ്ങോട്ട് പോകാറില്ല.കേരളത്തിൽ കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ വീണ്ടും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് കേരളത്തിൽ തിരുവനനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ കേന്ദ്ര വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു.
എന്നാൽ സന്ദർശക സംഘം കുറേ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിനാൽ സെന്റർ കോഴിക്കോടിന് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് രോഗികൾ.കോഴിക്കോട് മെഡി. കോളേജിൽ മികവിന്റെ കേന്ദ്രം വേണംകേരളത്തിലെ പകുതിയോളം അപൂർവ രോഗികളും വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്കാണ് പോകുന്നത്. മലബാറിലെ രോഗികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങണമെന്നാണ് രോഗികളുടെ ആവശ്യം.
വളരെ കാലങ്ങളായി വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാൽ മലബാറിലെ ആറു ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമൊക്കെയായി ആയിരക്കണക്കിന് അപൂർവ രോഗികൾക്ക് അനുഗ്രഹമാകും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിട്ടുണ്ട്. .കരീം കാരശേരിസംസ്ഥാന ജനറൽ കൺവീനർ,കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ