താണ പോസ്റ്റ്മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

കണ്ണൂർ: താണയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ബോയ്സ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിനായി നിർമിച്ച കെട്ടിടം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏക പോസ്റ്റ് മെട്രിക് ഹോസ്റ്റലാണ് താണയിലേത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിരുദം, ബിരുദാന്തര ബിരുദം, മറ്റു ടെക്നിക്കൽ കോഴ്സുകൾക്ക് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കായാണ് ഹോസ്റ്റൽ.
നേരത്തെയുള്ള കെട്ടിടം കാലപ്പഴക്കം കാരണം പഴകിയതോടെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പുതിയ കെട്ടിടത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ അനുവദിക്കുകയായിരുന്നു.പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലായി കിടപ്പുമുറികൾ, വിനോദം, വായന, രോഗ ശുശ്രൂഷ എന്നിവയ്‌ക്കുള്ള സ്ഥലം, വാർഡനും സന്ദർശകർക്കുമുള്ള മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിങ് സ്ഥലം, ഭക്ഷണശാല, അടുക്കള എന്നിവയും സജീകരിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലിൽ 60 പേർക്ക് താമസിക്കാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ വിശിഷ്ടാതിഥികളായി. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് റീജണൽ മാനേജർ സി രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ പി ഷമീമ, പട്ടികജാതി വർകിങ് ഗ്രൂപ്പ് ചെയർമാൻ ശ്രീജ ആരംഭൻ, ജില്ലാ ഡെവലപ്മന്റ് കമീഷണർ ഡി ആർ മേഘശ്രീ, പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം ഇ ഗംഗാധരൻ എന്നിവർ സംസാരിച്ചു.