കണ്ണൂർ വിമാനത്താവളം: യാത്രക്കാർ കുറഞ്ഞു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം 96,673 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി കടന്നു പോയത്. കോവിഡാനന്തരം നീണ്ട ഇടവേളയ്ക്ക് ശേഷം 5 മാസം മുൻപ് പ്രതിമാസം യാത്രക്കാർ 1 ലക്ഷം പിന്നിട്ടിരുന്നു. 1,00,397 പേരാണ് മേയ് മാസം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. തുടർച്ചയായി 3 മാസവും പ്രതിമാസം ഒരു ലക്ഷം യാത്രക്കാർ കവിഞ്ഞിരുന്നു.
എന്നാൽ സെപ്റ്റംബറിൽ എയർ ഇന്ത്യയുടെ ഏക രാജ്യാന്തര സർവീസ് അവസാനിപ്പിച്ചതും എയർ ഇന്ത്യ എക്സ്പ്രസ് വിവിധ സെക്ടറിലെ സർവീസ് വെട്ടിക്കുറച്ചതും മുംബൈ, ബെംഗളൂരു സെക്ടറിലെ സർവീസുകൾ വിവിധ ദിവസങ്ങളിൽ റദ്ദാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തെയും ബാധിച്ചു.വിന്റർ ഷെഡ്യൂളിൽ ജിദ്ദ, ദുബായ് സർവീസുകൾ പുതുതായി തുടങ്ങുന്നതിനാൽ അടുത്ത മാസം മുതൽ യാത്രക്കാർ കൂടാൻ സാധ്യതയുണ്ട്. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം വിമാന യാത്ര വീണ്ടും ആരംഭിച്ച് 1 വർഷം പൂർത്തിയായപ്പോഴായിരുന്നു കണ്ണൂരിൽ പ്രതിമാസം വീണ്ടും ഒരു ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിൽ എത്തിയത്.
2021 മേയ് മാസം ആഭ്യന്തര സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ ഒരു മാസം 27,134 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്തിരുന്നത്. പിന്നീട് തുടർച്ചയായി 12 മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നു. 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ പത്തിൽ ഇടം പിടിച്ചിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോൾ കണ്ണൂർ വഴി 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തിരുന്നു.