പിക്കോസ്‌ ഉറപ്പുള്ള വഴിയിലെ തലയെടുപ്പ്‌

Share our post

പിണറായി: സായിപ്പ്‌ ഓട്‌ ഫാക്ടറി നടത്തിയ കമ്പനിമെട്ടയിലിന്ന്‌ സഹകരണമേഖലയിലെ തലയെടുപ്പുള്ള സ്ഥാപനങ്ങളിലൊന്നുണ്ട്‌. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അതേ അർഥത്തിൽ ഏറ്റെടുക്കുന്ന പിണറായി ഇൻഡസ്‌ട്രിയൽ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി നിർമാണമേഖലയിലും നിറസാന്നിധ്യമാണിന്ന്‌.
രണ്ടുവർഷം മുമ്പുവരെ അഞ്ച് വ്യത്യസ്ത സംഘങ്ങൾ ചേർന്ന ഒരു കേന്ദ്ര സംഘമായിരുന്നു പിണറായി ഇൻഡസ്ട്രിയൽ കോ–- ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്‌). നിരവധിപേർക്ക്‌ പ്രത്യക്ഷത്തിലും പരോക്ഷമായും തൊഴിൽ നൽകിയതിലൂടെ പിണറായി ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പിക്കോസ്‌ ഇന്ന്‌ ഒറ്റസംഘമാണ്‌.

സായിപ്പിന്റെ ഓട് നിർമാണ ഫാക്ടറിയും മരക്കമ്പനിയുമാണ് പിണറായി കമ്പനിമെട്ടയിൽ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഏറ്റെടുത്ത ഉടമയ്‌ക്ക്‌ നല്ലനിലയിൽ കമ്പനി മുന്നോട്ടുകൊണ്ടുപോകാനായില്ല. നഷ്ടത്തിലായ കമ്പനി സർക്കാർ കണ്ടുകെട്ടി. അന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിണറായി ടൈൽ ആൻഡ് സോ മിൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുകയായിരുന്നു. സർക്കാരിൽനിന്ന്‌ സ്ഥാപനം സൊസൈറ്റി ലേലം കൊണ്ടു. ഏറെക്കാലം ഈ മേഖലയിൽതന്നെ തുടർന്ന സൊസൈറ്റി പോൾ കാസ്‌റ്റിങ് യൂണിറ്റ്‌ തുടങ്ങിയതോടെയാണ്‌ മുന്നേറ്റം തുടങ്ങിയത്‌. 1992ൽ കെഎസ്ഇബിയുടെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റ് നിർമിക്കാനുള്ള കരാർ ഈ സഹകരണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ നാലുവർഷമായി പോസ്റ്റ്‌ വിതരണം ടെൻഡർ പിടിക്കാൻ പിക്കോസിന് സാധിച്ചില്ല.

അടുത്ത രണ്ടുവർഷത്തേക്കുള്ള ടെൻഡർ പിക്കോസിനാണ്‌. റൂഫ് ടൈൽസ്, ഇന്റർലോക്ക്, ഹോളോബ്രിക്സ്, സോമിൽ, ഫർണിച്ചർ തുടങ്ങി അഞ്ച് യൂണിറ്റുകൾ ഇവിടെയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളും ഏറ്റെടുക്കുന്നു. ഫർണിച്ചർ വർക്കുകൾ, ഇന്റർലോക്ക്, ക്രഷർ, ഹോളോ ബ്രിക്‌സ്, റൂഫ് ടൈൽ, വൈദ്യുതി തൂൺ നിർമാണം തുടങ്ങിയവയെല്ലാം സ്വന്തമായുള്ള സ്ഥാപനവും പിക്കോസ് തന്നെയായിരിക്കും.
പിഡബ്ല്യുഡിയുടെ എ ക്ലാസ് ലൈസൻസും ഫൈനാൻസ് വകുപ്പിന്റെ അക്രഡിറ്റേഷനും കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യം ആധാറും(എംഎസ്‌എംഇ) നേടിയ ഗവ. അംഗീകൃത ഏജൻസികൂടിയാണിത്‌. എം ഉദയകുമാർ ചെയർമാനും പി മുകുന്ദൻ മാനേജിങ് ഡയറക്ടറുമായ 11 അംഗ കമ്മിറ്റിയാണ് നിലവിൽ സംഘത്തെ നയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!