ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ; അപേക്ഷകൾ ഓൺലൈനായതോടെ വീട്ടിലെത്തിയാലും വിശ്രമിക്കാൻ സമയമില്ല

Share our post

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാനാവുന്നില്ല.

കൈവശാവകാശ രേഖ ഉടൻ നൽകണമെന്നും വിവിധ ക്ഷേമപെൻഷനുകൾക്കായി പഞ്ചായത്തിൽ നൽകേണ്ട വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28നു മുൻപായി നൽകണമെന്നും വന്നതോടെയാണ് വില്ലേജ് ഓഫിസർമാർ വെട്ടിലായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ ലാപ്ടോപ്പുമായി ജോലിയിലേക്കു കടക്കുകയാണ് ഓഫിസർമാർ. ഇതു പുലർച്ചെ മൂന്നു മണിവരെ നീളാറുണ്ടെന്ന് ഓഫിസർമാർ പറയുന്നു.

നേരത്തെ ജീവനക്കാർ ഒന്നിച്ച് ചെയ്ത ജോലികൾ, ഓൺലൈൻ സംവിധാനം വന്നതോടെ പൂർണമായും വില്ലേജ് ഓഫിസറിലേക്ക് കേന്ദ്രീകരിച്ചതാണ് ജോലിഭാരം കൂടാനുള്ള കാരണം. വില്ലേജ് ഓഫിസർമാർ അവധി ദിനങ്ങളിലും ജോലി ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തന്നെ തെളിവുണ്ട്. 8 അവധി ദിവസങ്ങളിലായി അനുവദിച്ചത് 2.81 ലക്ഷം സർട്ടിഫിക്കറ്റുകളാണ്. ഓണത്തിന്റെ അന്ന് 7085 അപേക്ഷകൾ പരിഗണിച്ചു.

ദിവസം 500ൽ ഏറെ അപേക്ഷകൾ

ദിവസം 300 മുതൽ 1000 അപേക്ഷകൾ വരെ വരുന്ന ഓഫിസുകളുണ്ട്. ഒരു സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുവദിക്കാൻ ചുരുങ്ങിയത് 3 മിനിറ്റെങ്കിലും വേണം. ഇത് ഒരു പകലത്തെ ജോലി സമയംകൊണ്ട് ചെയ്തു തീർക്കാനാവില്ല. ഇതിനു പുറമേ മറ്റു ജോലികളുമുണ്ട്. റവന്യു വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി സെപ്റ്റംബറിൽ മാത്രം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ എത്തിയത് 2542 ലക്ഷം

അപേക്ഷകളാണ്. ഈ വർഷം ഇതു വരെ 1.08 കോടി അപേക്ഷകൾ വന്നതിൽ 25 ലക്ഷം കഴിഞ്ഞ മാസമാണെന്ന പ്രത്യേകതയുമുണ്ട്. 26നാണ് ഏറ്റവും കുടുതൽ അപേക്ഷകൾ സംസ്ഥാനത്ത് എത്തിയത്. 2,02,039 എണ്ണം. ഇതിൽ 1,09, 210 സർട്ടിഫിക്കറ്റുകൾ അന്നുതന്നെ അനുവദിച്ചു.

സേവനങ്ങൾ 47

ഇ-ഡിസ്ട്രിക്ട് വഴി 24 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസുകളിൽ നിന്ന് അനുവദിക്കുന്നത്. ഇതുൾപ്പെടെ മൊത്തം 47 സേവനങ്ങൾ. തണ്ണീർത്തടം നികത്തൽ, മണൽ വാരൽ, അനധികൃത ക്വാറി എന്നിവയ്ക്കെതിരായ നടപടിയും കയ്യേറ്റം കണ്ടെത്തൽ, ഭൂമി തരം മാറ്റൽ റിപ്പോർട്ട് നൽകൽ തുടങ്ങിയ പ്രധാനപ്പെട്ട ജോലികളും ഇതിന്റെ ഭാഗമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന തിരക്കിൽ ഇവ പൂർണമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതും വസ്തുതയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!