ചീരാലിൽ വീണ്ടും കടുവ; പശുവിനെയും ആടുകളെയും കൊന്നു

Share our post

ബത്തേരി :ചീരാലിലും കൃഷ്‌ണഗിരിയിലും വീണ്ടും കടുവകൾ നാട്ടിലിറങ്ങി പശുവിനെയും ആടുകളെയും കൊന്നു. തിങ്കൾ രാത്രിയാണ്‌ രണ്ടിടത്തും കടുവകളിറങ്ങിയത്‌. ഒമ്പതരയോടെയാണ്‌ നൂൽപ്പുഴ പൊലീസ്‌ സ്‌റ്റേഷനുസമീപത്തെ അയിലക്കാട്ട്‌ രാജേന്ദ്രന്റെ തൊഴുത്തിലെ പശുവിനെ കടുവ ആക്രമിച്ചത്‌. ശബ്‌ദംകേട്ട്‌ വീട്ടുകാർ ഒച്ചവച്ചതോടെ കടുവ ഓടിപ്പോയി. കടുവയുടെ കടിയിൽ പശുവിന്‌ ഗുരുതര പരിക്കുണ്ട്‌‌.

സംഭവത്തിൽ പ്രതിഷേധിച്ച്‌ രാത്രി പത്തരയോടെ നാട്ടുകാർ പഴൂരിൽ തോട്ടാമൂല ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ മുന്നിൽ ബത്തേരി – ഊട്ടി റോഡ്‌ ഉപരോധിച്ചു. ഇതിനിടെയാണ്‌ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ തൊട്ടടുത്ത്‌ മങ്ങാട്ട്‌ ഇബ്രാഹിമിന്റെ പശുവിനെ കടുവ കടിച്ചുകൊന്നത്‌. അടുത്ത വീട്ടിലെ മങ്ങാട്ട്‌ അസ്‌മയുടെ പുശവിനെയും കടുവ കടിച്ചു പരിക്കേൽപ്പിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ ചീരാൽ മേഖലയിൽ കൊല്ലപ്പെട്ട ഒമ്പതാമത്തെ പശുവാണ്‌ ഇബ്രാഹിമിന്റേത്‌.

അഞ്ച്‌ പശുക്കൾക്കാണ്‌ മാരക പരിക്കുള്ളത്‌. കൃഷ്‌ണഗിരിയിൽ മലന്തോട്ടത്തെ കിഴക്കേക്കര രാജന്റെ രണ്ട്‌ ആടുകളെയാണ്‌ കൂട്ടിൽനിന്ന്‌ പിടികൂടി കടുവ കൊന്നത്‌. കഴിഞ്ഞ ശനി ഇതിനടുത്ത അസൈനാറിന്റെ രണ്ട്‌ ആടുകളെയും അമ്പലവയൽ പോത്തുകെട്ടി കാവനാൽ വർഗീസിന്റെ ഗർഭിണിയായ ആടിനെയും കടുവ കൊന്നു. കടുവയുടെ ആക്രമണത്തിൽ ഇതുവരെ ആറ്‌ ആടുകളാണ്‌ ചത്തത്‌. നാലെണ്ണത്തിന്‌ ഗുരുതര പരിക്കുമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!