അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയ വർഗീസിനുണ്ട്, നിയമം ലംഘിച്ചിട്ടില്ല; യു ജി സിയെ തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി

Share our post

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള യു ജി സി നിലപാട് തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി. അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അവരെ പരിഗണിച്ചതെന്നും സർവകലാശാല വ്യക്തമാക്കി. കോടതിയിൽ രജിസ്ട്രാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിശദീകരണം.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് തനിക്ക് അർഹതയില്ലെന്ന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രിയ വർഗീസ് നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അസോ. പ്രൊഫസർ നിയമനത്തിന് സർവകലാശാല തയ്യാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ.പ്രിയയ്ക്ക് അദ്ധ്യാപന പരിചയമടക്കമുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളം അദ്ധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.

പ്രിയ പിഎച്ച് ഡി പഠനത്തിനു പോയ കാലയളവും, ഡെപ്യൂട്ടേഷനിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്ന കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കിയത് യു ജി സിയുടെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.പ്രിയയുടെ ഗവേഷണ കാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നും യുജിസിയും കോടതിയെ അറിയിച്ചിരുന്നു. ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!