ജീവിതം നശിച്ചു, ആത്മഹത്യയുടെ വക്കിലാണ്; അഡല്‍ട്ട് സീരീസ് സംവിധായികയ്‌ക്കെതിരെ മറ്റൊരു യുവാവ് കൂടി

Share our post

കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി നടനും നടിയും രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ യുവാവും മലപ്പുറം സ്വദേശിയായ യുവതിയുമാണ് അഡല്‍ട്ട്സ് ഒണ്‍ലി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ പരാതി നല്‍കിയത്. തൊട്ടുപിന്നാലെ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവും രംഗത്ത് വന്നിരിക്കുകയാണ്. അഭിനയിച്ചത് അഡല്‍ട്ട് ഒണ്‍ലി വെബ് സീരീസ് ആണെന്ന് അറിയാതെയാണ് താന്‍ അഭിനയിച്ചതെന്നും അതിന് ശേഷം ജീവിതം വഴിമുട്ടിയെന്നും യുവാവ് പറയുന്നു.

യുവാവിന്റെ വാക്കുകള്‍

ഞാനൊരു ക്യാമറാമാനാണ്. അതായത് സ്വന്തമായി ക്യാമറയില്ലാത്ത ക്യാമറാമാന്‍. വലിയ വര്‍ക്കുകള്‍ ഒന്നുമില്ലെങ്കിലും കുഴപ്പമില്ലാതെ കഴിഞ്ഞു പോവുകയായിരുന്നു. ഭാര്യയും മകളും മാതാപിതാക്കളും അടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. കര്‍ക്കിടകമാസം ആയപ്പോള്‍ വിവാഹങ്ങള്‍ കുറഞ്ഞതോടെ ഒട്ടും വര്‍ക്കില്ലായിരുന്നു. അതിനിടെയാണ് പരിചയത്തിലുള്ള ഒരാള്‍ വെബ് സീരീസില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് വിളിച്ചത്. നായകന്റെ കൂട്ടുകാരന്റെ കഥാപാത്രമാണെന്ന് പറഞ്ഞു. സംവിധായികയ്ക്ക് എന്റെ ഫോട്ടോ ഇഷ്ടമായെന്നും ധൈര്യമായി തമ്പാനൂരിലേക്ക് വണ്ടി കയറാനും പറഞ്ഞു. തമ്പാനൂരിലെത്തി അവരുടെ വണ്ടി വന്ന് കൂട്ടിക്കൊണ്ടുപോകുന്നു. മെയ്ക്കപ്പ് പോലും ഇടാതെ അഭിനയിക്കാന്‍ പറഞ്ഞു. നായകന്‍ വരുമ്പോള്‍ ചിരിക്കണം അത്രയുമാണ് എന്നോട് പറഞ്ഞത്. ആയിരം രൂപ പ്രതിഫലവും തന്നു.

അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു.അടുത്ത സീരീസില്‍ സെക്യൂരിറ്റിയുടെ വേഷമാണെന്ന് പറഞ്ഞു. അതിലും അഭിനയിച്ചു. ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന ആളെ പിടിക്കുന്ന രംഗമാണത്. അതും ചെയ്ത് പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് ആദ്യം ചെയ്ത വെബ് സീരീസിന്റെ ഫസ്റ്റ്‌ലുക്ക് കാണുന്നത്. അതുകണ്ടപ്പോഴാണ് ഹൃദയം തകരുന്നത്. അത് ഒരു അഡല്‍റ്റ് ഒണ്‍ലി സീരീസ് ആണെന്ന് അറിയാതെയാണ് അഭിനയിച്ചത്. അതിന് ശേഷം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. കടുത്ത അപമാനമാണ് പലകോണുകളില്‍ നിന്ന് നേരിടുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. നേരത്തേ ഏല്‍പ്പിച്ച വര്‍ക്കുകളില്‍ നിന്ന് പലരും ഈ സീരീസ് ഇറങ്ങിയതോടെ എന്നെ ഒഴിവാക്കി. ഇന്ന് ജോലിയില്ല, കടം വാങ്ങി മുടിഞ്ഞു. എനിക്ക് ഇതില്‍ അഭിനയച്ചതിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞാണ് പരിഹാസം. ഇനി അടുത്ത സീരീസ് ഇറങ്ങിയാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഞാന്‍ മാത്രമല്ല ഒരുപാട് ആളുകള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്- യുവാവ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!