കല്യാശേരി ഇരിണാവിലെ കുടുംബശ്രീ ബസാർ പ്രവര്‍ത്തനം തുടങ്ങി

Share our post

കല്യാശേരി: അവശ്യവസ്തുക്കൾ ഏതുമാകട്ടെ, ഈ കുടുംബശ്രീ ബസാറിൽ കിട്ടും. കുടുംബശ്രീ മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പലചരക്കും പച്ചക്കറികളും മാത്രമല്ല, വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമുൾപ്പെടെ മുന്നൂറിലധികം ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും.

എൺപത് ശതമാനവും കുടുംബശ്രീയുടെ തനത് ഉല്‍പ്പന്നങ്ങളാണ്. 20 ശതമാനം ഉൽപ്പങ്ങൾ റബ്കോ, ദിനേശ്, റെയ്ഡ്കോ, ജനത, മിൽമ തുടങ്ങിയ സഹകരണ-സർക്കാർ സ്ഥാപനങ്ങളുടേതുമാണ്. ജില്ലാ മിഷന്റെ 20 ലക്ഷം രൂപ ചെലവിലാണ് ബസാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 200 ഓളം കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ബസാര്‍ യാഥാര്‍ഥ്യമാക്കിയത്. കണ്ണൂരിലെ 4000 ത്തോളം കുടുംബശ്രീകളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ലഭിക്കും.

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ സംരംഭകത്വ കേന്ദ്രത്തിന്റെ കെട്ടിടത്തിലെ 600 സ്ക്വയർ ഫീറ്റിലാണ് ബസാര്‍. ബ്ലോക്ക് പഞ്ചായത്ത് അമ്പത് ശതമാനം വാടകക്കിഴിവും നല്‍കും.
കുടുംബശ്രീ ജില്ലാ മിഷന്‍ നിയോഗിക്കുന്ന മൂന്നംഗ സമിതിക്കാണ് മേൽനോട്ട ചുമതല. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറിയും ഒരുക്കും. മൂന്ന് സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങൾ ലഭ്യമാക്കും.

എം വിജിന്‍ എംഎല്‍എ ബസാർ ഉദ്ഘാടനംചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിര്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ––ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡി വിമല, കല്യാശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി ടി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ്‌ സി നിഷ, ബ്ലോക്ക് പഞ്ചായത്തംഗം കെ പ്രീത, സി പി പ്രകാശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ സി രേണുക എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!