തുമ്പികൾക്ക് പിറകെ ‌ഡോ.വിഭുവിന്റെ ജീവിതം

Share our post

കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ് ജന്മനാടായ കണിച്ചാറിൽ നിന്നുമാത്രം കേരളത്തിൽ വളരെ അപൂർവ്വമായി കണ്ടുവരുന്നതടക്കമുള്ള തുമ്പികളെ ഇദ്ദേഹം കണ്ടെത്തിയത്.കേരളത്തിൽ ഇതുവരെ ഇത്രയധികം തുമ്പിയിനങ്ങളെ മറ്റൊരിടത്തും

നിരീക്ഷിക്കപ്പെട്ടിട്ടില്ല.നീലക്കുറുവാലൻ,കരിനീലിച്ചിറകൻ,പീലിത്തുമ്പി,തീകറുപ്പൻ,കുള്ളൻ വർണത്തുമ്പി,കുങ്കുമ നിഴൽത്തുമ്പി,കരിഞ്ഞെമ്പൻ മുളവാലൻ,ചെങ്കറുപ്പൻ മുളവാലൻ,മഞ്ഞവരയൻ വർണത്തുമ്പി,വടക്കൻ അരുവിയൻ എന്നിവ ഇതിൽ ചിലതുമാത്രം.ആറളത്തിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങൾ പങ്കിടുന്ന കണിച്ചാറിൽ താമസിക്കുന്ന ഡോ. വിഭുവിന്റെ സമ്പുഷ്ടമായ ചു​റ്റുപാടു തന്നെയാണ് എട്ടുവർഷം മുൻപ് തുടങ്ങിയ പക്ഷി നിരീക്ഷത്തിലൂടെ തുമ്പി നിരീക്ഷണത്തിലേക്കെത്തിച്ചത്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ 2020ൽ കണ്ടെത്തിയ പുതിയ ഇനം കല്ലൻതുമ്പിയായ മുള്ളൻ കൊമ്പുവാലൻ കടുവത്തുമ്പിയെ കണ്ണൂരിലെ കൊട്ടിയൂർ വനമേഖലയ്ക്ക് സമീപത്തുനിന്നും തുമ്പി നിരീക്ഷകൻ അഫ്‌സർ നായ്ക്കനും ഡോ. വിഭുവും ചേർന്ന് കണ്ടെത്തിയിട്ടുണ്ട്.തുമ്പി നിരീക്ഷകരുൾക്കൊള്ളുന്ന സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പിൽ പോസ്​റ്റ് ചെയ്തും ട്രാവൻകൂർ നേച്ചർ സൊസൈ​റ്റി സംഘടനകളുടെയും സഹായത്തോടെയാണ് കണ്ടെത്തിയ തുമ്പികളെ ഏതിനമാണെന്ന് സ്ഥിരീകരിക്കുന്നത്.കൊതുക്,പ്രാണികൾ,നിശാശലഭങ്ങൾ എന്നിവയാണ് തുമ്പികളുടെ ഇഷ്ടഭക്ഷണം.

വായുവിൽ ഉയർന്നും നിന്ന നിൽപ്പിൽ 180 ഡിഗ്രിയിൽ തിരിഞ്ഞും പറക്കാൻ തുമ്പികൾക്ക് കഴിയുമെന്നാണ് ഡോ.വിഭു പറയുന്നത്.ഡെന്റിസ്റ്റായ ഡോ.സൗമ്യ മോഹനാണ് ഭാര്യ.വേദിക,ദേവിക എന്നിവരാണ് മക്കാൾ.കേരളത്തിലുള്ളത് രണ്ട് തരം തുമ്പികൾ …സൂചിത്തുമ്പികൾ,കല്ലൻ തുമ്പികൾ എന്നീ രണ്ടിനങ്ങളാണ് കേരളത്തിലുള്ളത്.മണിക്കൂറിൽ 25 – 30 കിലോമീ​റ്റർ വേഗതയിൽ പറക്കാൻ കഴിയുകയും വിശ്രമിക്കുമ്പോഴും പറക്കുമ്പോഴും ചിറകുകൾ വിടർത്തി പരത്തിപ്പിടിക്കുന്ന കല്ലൻ തുമ്പികളുടെ രണ്ട് ജോഡി ചിറകുകളും ഒരുപോലെ അല്ല.ഇവരുടെ തലമുഴുവൻ കണ്ണുകളാണ്.

ഒമാ​റ്റിഡിയ എന്ന് വിളിക്കുന്ന മുപ്പതിനായിരത്തിനടുത്ത് ചെറുനേത്രങ്ങൾ കൂടിച്ചേർന്ന് മുൻഭാഗത്ത് പരസ്പരം മുട്ടിയിരിക്കുന്ന നേത്രങ്ങളാണിവരുടെ തലയിലുള്ളത്.എന്നാൽ, സൂചിത്തുമ്പികൾ വിശ്രമിക്കുമ്പോൾ പൊതുവെ രണ്ട് ജോഡി ചിറകുകളും ശരീരത്തിനോട് ചേർത്ത് സമാന്തരമായി പിടിക്കുകയാണ് ചെയ്യുക. ഇവ ഒരേ വലിപ്പവും രൂപവുമുള്ളവയാണ്.പതിയെ പറക്കുന്നവയാണെങ്കിലും ചിറകുകളുടെ അഗ്രങ്ങൾ പരസ്പരം കൂടിച്ചേർന്നതല്ലാത്തതിനാൽ സ്വതന്ത്റമായി ഇവ ചലിപ്പിക്കാനാകും.കണ്ണുകൾ വെവ്വേറെ രണ്ടായാണ് തുറിച്ച് നിൽക്കുന്നത്.തുമ്പികളെ കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താൽ വംശനാശം സംഭവിക്കുന്ന തുമ്പികൾ കേരളത്തിലില്ലെന്ന് വ്യക്തമാകുംഡോ. വിഭു വിപഞ്ചിക


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!