അഴീക്കൽ – ലക്ഷദ്വീപ് ഉരു സർവീസ്; 250 ടൺ സാധനങ്ങൾ കൊണ്ടുപോകാവുന്ന എംഎസ്‌വി ജൽജ്യോതി എത്തും

കണ്ണൂർ :അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് ഉരു സർവീസ് ആരംഭിക്കുന്നത്. ഉരു ഈ ആഴ്ച അവസാനത്തോടെ അഴീക്കലിൽ എത്തിച്ച് നവംബർ ആദ്യവാരം ആദ്യ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രൈം മെറിഡിയൻ ഷിപ്പിങ് കമ്പനി ഡയറക്ടർ നന്ദു മോഹൻ, പി.സുജിത്ത് എന്നിവർ മനോരമയോടു പറഞ്ഞു.250 ടൺ സാധനങ്ങൾ കൊണ്ടുപോകാവുന്ന എംഎസ്‌വി ജൽജ്യോതി എന്ന ഉരുവാണ് ലക്ഷദ്വീപ് സർവീസിനായി എത്തിക്കുന്നത്.
ആന്ത്രോത്തിലേക്ക് ആണ് ആദ്യ സർവീസ്. കൽപേനി, കവരത്തി, മിനിക്കോയ്, കിൽത്താൻ തുടങ്ങിയ മറ്റു ദ്വീപുകളിലേക്കും വൈകാതെ സർവീസ് ആരംഭിക്കും. നാലു ദിവസത്തിലൊരിക്കൽ അഴീക്കൽ തുറമുഖത്ത് വന്നു പോകാൻ കഴിയുമെന്നു കരുതുന്നതായി ഉരു കമ്പനി പ്രതിനിധികൾ പറഞ്ഞു. നിർമാണ സാമഗ്രികൾ, വളർത്തു മൃഗങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും കൊണ്ടുപോകുക.ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് തുടങ്ങുന്നത് കണ്ണൂരിന്റെ വ്യാപാരമേഖലയ്ക്കും ഉണർവേകും. 2008 വരെ അഴീക്കലിൽ നിന്ന് തുടർച്ചയായി ലക്ഷദ്വീപിലേക്ക് ഉരു സർവീസുണ്ടായിരുന്നു.
അക്കാലത്ത് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും നിർമാണ സാമഗ്രികളും കൊണ്ടുപോയിരുന്നത്. നേരത്തേ ഒരു ഉരു സർവീസ് നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കണ്ണൂരിലെ വിപണികളിൽ നിന്ന് വാങ്ങിയിരുന്നു.രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖമന്ത്രിയായിരിക്കെ 2020 മാർച്ച് 3ന് ലക്ഷദ്വീപിലേക്ക് ഉരു സർവീസ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഒരു സർവീസ് മാത്രമേ നടന്നുള്ളൂ. കെട്ടിട നിർമാണ സാമഗ്രികളുമായി കൽപേനി ദ്വീപിലേക്കായിരുന്നു അന്ന് എംഎസ്‌വി കൈരളി എന്ന ഉരു പോയത്.