കോയമ്പത്തൂര്‍ സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍, അന്വേഷണം അല്‍ ഉമ്മയിലേക്കും

Share our post

കോയമ്പത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയീല്‍, നവാസ് ഇസ്മയീല്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജി.എം നഗര്‍ ഉക്കടം സ്വദേശികളാണ്.

സ്‌ഫോടനത്തില്‍ മരിച്ച ജമീഷ മുബീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറില്‍ സ്‌ഫോടനുമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു സിലിന്‍ഡറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജമീഷ മുബീനിന്റെ വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പോലുള്ള വസ്തു വണ്ടിയിലേക്ക് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.

പഴയ തുണികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ജമീഷ മുബീനിന്റെ വീട്ടില്‍ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി. സ്‌ഫോടനം നടന്ന കാറില്‍നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു.

അറസ്റ്റിലായവർ
എന്‍ജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. സ്‌ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

അന്വേഷണം തീവ്രവാദ സംഘടനയായ അല്‍ ഉമ്മയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് അല്‍-ഉമ്മയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!