ചീരാലിൽ രാത്രി രണ്ടാമതും കടുവയിറങ്ങി; ഒരു മാസത്തിനിടെ കൊന്നത് 9 പശുക്കളെ: പ്രതിഷേധം

ബത്തേരി : പിടിനൽകാതെ കന്നുകാലികളെ ആക്രമിക്കുന്ന ചീരാലിലെ കടുവയുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയിൽ രണ്ടാമതും കടുവയിറങ്ങി പശുവിനെ കൊന്നു. രാത്രി പത്തുമണിയോടെ ഐലക്കാട് രാജൻ എന്ന കർഷകന്റെ പശുവിനെ കടുവ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉപരോധത്തിനു ശേഷം നാട്ടുകാർ പ്രദേശത്ത് നിന്ന് മടങ്ങിയതിനു തൊട്ടുപിന്നാലെ രാത്രി 12 മണിയോടെയാണ് കടുവ വീണ്ടും ആക്രമിച്ചത്. പാഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെ രാത്രി 12 മണിയോടെയാണ് കൊന്നത്.
ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെയും കടുവ ആക്രമിച്ചു. ഇബ്രാഹിമിന്റെ പശുവിനെ കടുവ പകുതി ഭക്ഷിച്ച നിലയിലാണ് നാട്ടുകാർ കണ്ടെടുത്തത്. ഒരു മാസത്തിനിടെ ചീരാലിൽ 13 പശുക്കളെ കടുവ ആക്രമിച്ചതായും 9 പശുക്കളെ കൊന്ന് ഭക്ഷിച്ചതായും നാട്ടുകാർ പറയുന്നു. ഇന്നലെ മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് പശുക്കൾ ആക്രമണത്തിന് ഇരയായതും പരിഭ്രാന്തിക്കിടയാക്കി. ഒന്നിൽ കൂടുതൽ കടുവകൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
രാത്രിയിലാണ് കടുവ പ്രധാനമായും ജനവാസമേഖലകളിൽ ഇറങ്ങുന്നത്. പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും കടുവയെ കുടുക്കാൻ കഴിഞ്ഞില്ല. അറുപതോളം വരുന്ന വനപാലകർക്കൊപ്പം ജനകീയസമര സമിതി നേതാക്കളും നാട്ടുകാരും ഇന്നലെ കടുവയെ തിരയാൻ രംഗത്തിറങ്ങിയിരുന്നു. പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കാട്ടിലും കടുവയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കടുവയുടെ കാൽപാടുകൾ ഇന്നലെയും കണ്ടെത്തി. കടുവ പ്രദേശം വിട്ടിട്ടില്ലെന്നാണ് അനുമാനം. രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് മൂന്നു പശുക്കളെ ഇന്നലെ രാത്രി കടുവ ആക്രമിച്ചത്. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല രാപകൽ സമരം ഇന്ന് മുതൽ ആരംഭിക്കും.