അപകടാവസ്ഥയിൽ തലശ്ശേരി ജനറൽ ആസ്പത്രികെട്ടിടം മറുവഴി തേടി അധികൃതർ

Share our post

തലശ്ശേരി: പൊട്ടിപ്പൊളിഞ്ഞ് ബലക്ഷയം നേരിടുന്ന തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിലെ പ്രധാന കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാനാകാതെ അധികൃതർ. പകരം സംവിധാനമാകാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ വാർഡുകളിൽ തന്നെയാണ് ഇപ്പോഴും രോഗികളെ പ്രവേശിപ്പിക്കുന്നത്. എന്നാൽ രോഗികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.അപകടകരമായ കെട്ടിടത്തിൽ നിന്നും രോഗികളെ ഒഴിപ്പിക്കുമ്പോൾ പകരം സംവിധാനമെന്ന നിലയിൽ സമീപത്തെ രണ്ട് കെട്ടിടങ്ങൾ പരിഗണിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല.

ആസ്പത്രിക്കു തൊട്ടുതന്നെ ഉള്ള, തലശ്ശേരി മത്സ്യ മാർക്കറ്റിന്റെ പുതിയ കെട്ടിടത്തിലെ രണ്ടും മൂന്നും നിലകൾ ആസ്പത്രിക്കായി വിനിയോഗിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ജനറൽ ആസ്പത്രിയിൽ നിന്നും ഇതിലേക്ക് റാമ്പ് പണിതാൽ കെട്ടിടത്തിലേക്ക് കടക്കാനുമാവും. എന്നാൽ ഒരു താൽക്കാലിക സംവിധാനത്തിനായി ഏറെ ചിലവുള്ള റാമ്പ് നിർമ്മിക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന സൂചനകളെ തുടർന്ന് പ്രസ്തുത നീക്കം ഉപേക്ഷിക്കുകയായിരുന്നു. കോട്ടയുടെ സമീപം അഗ്നിശമന സേനാ ഓഫീസിന് തൊട്ടുള്ള ബി.എസ്.എൻ.എല്ലിന്റെ ഒഴിഞ്ഞ ബഹുനില കെട്ടിടവും പരിഗണിച്ചിരുന്നു.

ഗുണ്ടർട്ട് റോഡരികിലുള്ള ഈ കെട്ടിടത്തിൽ സൗകര്യങ്ങളുണ്ടെങ്കിലും, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കെട്ടിടവരാന്തയിൽ എത്തിക്കാൻ കഴിയാത്തത് തടസമായി. റോഡിനും കെട്ടിടത്തിനുമിടയിൽ ഉയരവും വീതിയുമുള്ള ഡ്രൈയിനേജുള്ളതാണ് തടസ്സമായത്.ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നേരത്തെ ആസ്പത്രി സന്ദർശിച്ച സങ്കേതിക വിദഗ്ദ്ധർ കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും പുതിയ കെട്ടിടം പണിയാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും നിർദ്ദേശിച്ചിരുന്നു.

പുതിയ സ്ഥലം കണ്ടെത്താൻ നഗരസഭാ ചെയർപേഴ്സണെ ചുമതലപ്പെടുത്തിയിട്ടുണ്ട്കെട്ടിടം നിർമ്മിക്കാൻപുരാവസ്തുവകുപ്പിന്റെ വിലക്ക്കോട്ടയ്ക്കരികിലായതിനാൽ നിലവിലുള്ള ആശുപത്രിയിൽ വീണ്ടുമൊരു കെട്ടിടം നിർമ്മിക്കാമെന്നു വച്ചാൽ പുരാവസ്തു വകുപ്പിന്റെ വിലക്കുണ്ട്. കടലിന്റെയും കോട്ടയുടെയും സാമീപ്യമുള്ളതിനാൽ ജനറൽ റാങ്കിലുള്ള ആസ്പത്രിയുടെ ഭൗതിക വികസനം അസാദ്ധ്യമാണ്. പുതിയ അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനാവുമോയെന്ന ആലോചനയിലാണ് അധികൃതർ.ചിത്രവിവരണം: തലശ്ശേരി ഗവ: ജനറൽ ആശുപത്രി ബ്ലോക്ക്‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!