വിവരംകിട്ടാതെ അപേക്ഷക മരിച്ച സംഭവം: സൂപ്രണ്ടിന് 15000 രൂപ പിഴയിട്ട് കമ്മിഷൻ

Share our post

തിരുവനന്തപുരം: വിരമിച്ച് നാലു വർഷമായിട്ടും പെൻഷൻ ആനുകൂല്യമോ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയോ കിട്ടാതെ അധികാരകേന്ദ്രങ്ങൾ കയറിയിറങ്ങി ഒടുവിൽ ജീവിതത്തോട് വിടചൊല്ലിയ സുലേഖ ബാബുവിന് മരണാനന്തരം നീതി.നെടുമങ്ങാട് നഗരസഭയിൽ സീനിയർ ക്ലാർക്കായി 2019ൽ വിരമിച്ച സുലേഖയ്ക്കാണ് ഉദ്യോഗസ്ഥ അനാസ്ഥയുടെ കയ്പുനീര് കു ടിക്കേണ്ടി വന്നത്.

ഒരാനുകൂല്യവും കൈപ്പറ്റാനാവാതെ അസുഖ ബാധിതയായി മരണമേറ്റു വാങ്ങേണ്ടി വരികയായിരുന്നു. സുലേഖയ്ക്ക് പെൻഷൻ ആനുകൂല്യങ്ങളും അതിന്മേലുള്ള വിവരങ്ങളും നൽകുന്നതിൽ വീഴ്ചവരുത്തിയ നെടുമങ്ങാട് നഗരസഭാ സൂപ്രണ്ടായിരുന്ന ജസിമോൾ 15000 രൂപ പിഴയൊടുക്കാൻ വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു. തുക പതിനഞ്ച് ദിവസത്തിനകം ഒടുക്കണം.

പെൻഷൻ ആനുകൂല്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾക്കുമായി നിരവധി തവണ സുലേഖ ബാബു ജസിമോൾക്ക് മുന്നിലെത്തിയിരുന്നു. അസുഖം ബാധിച്ചതോടെ അവശയായ സുലേഖ ബാബു ഒടുവിൽ വിവരാവകാശ കമ്മിഷന് പരാതി നൽകി. അന്വേഷണത്തിൽ ജസിമോൾ കൃത്യവിലോപം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കമ്മിഷൻ ഇക്കഴിഞ്ഞ സെപ്റ്റംബർ 15ന് ഹിയറിംഗിനായി വിളിച്ചു.

എന്നാൽ, അസുഖം മൂർച്ഛിച്ച് സെപ്റ്റംബർ 12ന് സുലേഖ ബാബു മരണമടഞ്ഞു. ഇതേത്തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടത്താൻ വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കിം ഉത്തരവിടുകയായിരുന്നു. വിവരാവകാശ രേഖ നൽകുന്നത് വൈകിയതു സംബന്ധിച്ച ചോദ്യത്തിന് ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ടായ ജസിമോൾ നൽകിയ മറുപടി ‘ജോലിത്തിരക്ക് കാരണം സമയം കിട്ടിയില്ലെ”ന്നായിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തി പിഴയൊടുക്കാൻ വിധിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!