ഇനി ‘ലോക്കോസി’ലെഴുതാം കുടുംബശ്രീ കണക്കുകൾ

Share our post

കണ്ണൂർ: സമ്പാദ്യവും വായ്‌പ തിരിച്ചടവും ഉൾപ്പെടെ കുടുംബശ്രീ കണക്കുകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. രജിസ്‌റ്ററിലും നോട്ടുബുക്കിലും കണക്കുകളെഴുതി സൂക്ഷിക്കുന്ന അയൽക്കൂട്ടങ്ങളൊക്കെ ഇനി ‘ലോക്കോസ്‌’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ടെക്കികളാകും. ആദ്യഘട്ടത്തിൽ പേരാവൂർ ബ്ലോക്കിലാണ്‌ ലോക്കോസിന്റെ പ്രവർത്തനം. നവംബറിൽ ആരംഭിക്കുന്ന പദ്ധതിയുടെ റിസോഴ്‌സ്‌ പേഴ്‌സൺമാർക്കുള്ള പരിശീലനം പുരോഗമിക്കുന്നു.
അയൽക്കൂട്ടം മുതൽ സ്‌റ്റേറ്റ്‌ മിഷൻ വരെയുള്ള കണക്കുകൾ സുതാര്യമാക്കുകയാണ്‌ ആപിന്റെ ലക്ഷ്യം. എഡിഎസ്‌, സിഡിഎസ്‌ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും ഇതിൽ രേഖപ്പെടുത്തും. കുടുംബശ്രീ മുഖേന സംസ്ഥാനത്ത്‌ നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ ആപ്പ്‌ സജ്ജമാക്കുന്നത്‌. അയൽക്കൂട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ ചുരുക്കിയ സമയത്തിനുള്ളിൽ രേഖപ്പെടുത്താൻ സാധിക്കുമെന്നതാണ്‌ ലോക്കോസിന്റെ നേട്ടം.

തെരഞ്ഞെടുത്ത റിസോഴ്‌സ്‌ പേഴ്‌സൺമാർ മുഖേനയാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. രണ്ട്‌ വർഷത്തിനുളളിൽ ഗ്രാമീണമേഖലയിലെ എല്ലാ അയൽക്കൂട്ട ഭാരവാഹികളെയും മൊബൈൽ ആപ്ലിക്കേഷൻ പരിശീലിപ്പിച്ച്‌ വിവരങ്ങൾ രേഖപ്പെടുത്താൻ സജ്ജമാക്കും.
അയൽക്കൂട്ടം, അതിലെ അംഗങ്ങൾ, എഡിഎസ്‌, സിഡിഎസ്‌ എന്നിവ ആദ്യം പ്രൊഫൈൽ ഉണ്ടാക്കും. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാൽ ഒരാൾക്ക്‌ ഒന്നിലധികം അയൽക്കൂട്ടങ്ങളിൽ അംഗത്വമെടുക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും. സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തും. അമ്പത്‌ അയൽക്കൂട്ടങ്ങൾക്ക്‌ ഒരാൾ എന്ന കണക്കിൽ റിസോഴ്‌സ്‌ പേഴ്‌സൺ ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!