അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി; പൊലീസ് മൊഴിയെടുത്തത് വെബ് സീരീസ് ഇറങ്ങിയ ശേഷം, യുവാവ് ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: സിനിമയിൽ അഭിനയിക്കാനെത്തിയ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേയ്ക്ക്. ഒടിടി പ്ലാറ്റ്‌ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നേരത്തേ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.
വിഷയത്തിൽ പൊലീസ് തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്.ചിത്രം റിലീസായതിന് ശേഷമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെയാണ് യുവാവിന്റെ പരാതി.
സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ വഞ്ചനാ കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. യുവാവ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ നിർദേശം ലഭിച്ചതോടൊണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.യുവാവിന്റെ പരാതിക്ക് പിന്നാലെ പരാതിയുമായി നടിമാർ ഉൾപ്പെടെ കൂടുതൽപേർ രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിനുമാണ് പരാതി നൽകിയത്.