തദ്ദേശ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി സ്ഥാനാർത്ഥികൾ സജീവം

കോഴിക്കോട് : അടുത്തമാസം ഒമ്പതിന് ഉപതിരഞ്ഞെുപ്പ് നടക്കുന്ന വാർഡുകളിലെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമായി. മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷനിലേക്കും ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തുറയൂരിലെ പയ്യോളി അങ്ങാടി, മണിയൂരിലെ മണിയൂർ നോർത്ത്, കിഴക്കോത്തെ എളേറ്റിൽ പഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ്.
എം.എം.രവീന്ദ്രനാണ് കീഴരിയൂർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ പാറോളി ശശിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സന്തോഷ് കാളിയത്ത് മത്സരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫിലെ കെ.പി.ഗോപാലൻ നായർ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 142 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൽ.ഡി.എഫ് വിജയം.തൂറയൂർ രണ്ടാം വാർഡായ പയ്യോളി അങ്ങാടിയിൽ മുസ്ലിംലീഗിലെ സി.എ. നൗഷാദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കോടിക്കണ്ടി അബ്ദുറഹിമാൻ മത്സര രംഗത്തുണ്ട്. ബി.ജെ.പിയിലെ ലിബീഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മുസ്ലിംലീഗിലെ യു. സി. ഷംസുദ്ദീൻ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 123 വോട്ടിനായിരുന്നു യു.ഡി.എഫ് ഇവിടെ വിജയിച്ചിരുന്നത്.മണിയൂർ നോർത്ത് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. ശശിധരനും യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം രാജനും മത്സര രംഗത്ത് സജീവമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ ഷിബുവും പ്രചാരണ രംഗത്തുണ്ട്. എൽ.ഡി.എഫിലെ കെ. പി. ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
107 വോട്ടായിരുന്നു ഭൂരിപക്ഷം.എളേറ്റിൽ വാർഡിൽ സി.പി.എമ്മിലെ പി.സി.രഹനയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പി ഹസീനയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫിലെ ഐ.സജിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് 116 വോട്ടിനാണ് ഇവിടെ ജയിച്ചത്.