ഭിന്നശേഷി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ അവസരം

മാഹി: ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു പുതിയ സർട്ടിഫിക്കറ്റ് ലഭിക്കാനും പുതുക്കേണ്ടവർ പുതുക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റും ഒപ്പം യുഡി. ഐഡി കാർഡും ലഭിക്കാനുമുള്ള അവസരം ഒരുങ്ങുന്നതായി അസോസിയേഷൻ ഓഫ് പേരന്റ്സ് ആൻഡ് പഴ്സൻസ് വിത്ത് ഡിഫറന്റ്‌ലി ഏബിൾഡ് ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര സർക്കാർ ഭിന്ന ശേഷിക്കാർക്കായി തയാറാക്കിയ വെബ് സൈറ്റിലെ ഭിന്നശേഷി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുക എന്നതാണ് വൈകല്യ നിർണയ-സർട്ടിഫിക്കറ്റ് വിതരണ ക്യാംപിന്റെ പ്രാരംഭ നടപടി.അപേക്ഷയുടെ മാതൃക www.sabhamahe.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം മാഹി മേഖലയിലെ അങ്കണവാടികളിലും സ്വീകരിക്കുന്നതാണ്.
സബർമതി ട്രസ്റ്റ്, പള്ളൂർ, ലയൺസ് ക്ലബ്, മാഹി, കോഓപ്പറേറ്റീവ് ബിഎഡ് കോളജ്, മാഹി, ദേവശ്രീ ജെഎൽജി, മഞ്ചക്കൽ, ശുഭശ്രീ ജെഎൽജി, വളവിൽ, സിഡിജിആർ, മൂന്നങ്ങാടി, ശ്രീനന്മ ജെഎൽജി, പള്ളൂർ എന്നിവിടങ്ങളിലും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കും. ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മാത്രം കലാ സാഹിത്യ മത്സരങ്ങളും കായിക മത്സരങ്ങളും നടത്തുന്നതാണ്. അസോസിയേഷന്റെ അംഗത്വ വിതരണം നവംബർ ആദ്യവാരം നടക്കും. അഷിത ബഷീർ, സജീർ ചെറുകല്ലായി, പി.വി. ലിഗിന, പി.പി. ആശാലത, ലിസ്‌മി സജി എന്നിവർ പരിപാടികൾ വിശദീകരിച്ചു.