ആറളം ഫാമിൽ ആന പ്രതിരോധ മതിൽ നിർമിക്കാൻ മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനം

Share our post

ഇരിട്ടി: കാട്ടാനകളുടെ ആക്രമണം തടയാൻ ആറളം ഫാം – ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ ആന പ്രതിരോധ മതിൽ നിർമിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ആനമതിൽ ആണ് ആറളത്തെ വന്യജീവി ശല്യം പൂർണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗം എന്നു പ്രദേശവാസികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ – സംഘടനാ – തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു. മതിൽ നിലവിലുള്ള ഭാഗത്ത് ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്നുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലവാസികൾ ഈ ആവശ്യം ഉന്നയിച്ചത്.

ആന മതിൽ നിർമിച്ചാൽ ആന മറ്റൊരു ഭാഗത്തേക്കു മാറുകയാണെങ്കിൽ നേരത്തെ വിദഗ്ധ സമിതി നിർദേശിച്ച കരുതൽ നടപടികൾ അവിടെ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്‌ണൻ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, കണ്ണൂർ കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ ഏകകണ്ഠമായി ആറളത്ത് ശാശ്വത പരിഹാരം ആനമതിൽ തന്നെ ആണെന്നു നിലപാട് എടുക്കുകയും മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!