എടക്കാട് അടിപ്പാത നിർമിച്ചില്ലെങ്കിൽ വ്യാപാരം പ്രതിസന്ധിയിലാകും

എടക്കാട് :തറ നിരപ്പിൽ നിന്ന് ഉയർത്തി നിർമിക്കുന്ന ദേശീയപാതയ്ക്കു കുറുകെ എടക്കാട് ടൗണിൽ അടിപ്പാത നിർമിക്കുന്നില്ലെങ്കിൽ എടക്കാട് ടൗൺ വിഭജിക്കപെടുമെന്നു മാത്രമല്ല ടൗണിലെ വ്യാപാര മേഖലയ്ക്കടക്കം പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയുമായി വ്യാപാരികൾ. നിലവിൽ എടക്കാട് ടൗണിലൂടെ കടന്നു പോകുന്ന പഴയ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തും വ്യാപാര സ്ഥാപനങ്ങളുണ്ട്.
കിഴക്കു ഭാഗത്ത് കടമ്പൂർ റോഡിലെ മീത്തലെ കണ്ടി ബസാർ പ്രധാന വ്യാപാര കേന്ദ്രമാണ്. ടൗണിന്റെ പടിഞ്ഞാറു ഭാഗത്ത് നിന്നു കാൽനടയായി ഏറെ ഉപഭോക്താക്കൾ മീത്തലെക്കണ്ടി ബസാറിൽ എത്തുന്നുണ്ട്. തിരിച്ചു കിഴക്ക് ഭാഗത്തു നിന്ന് ഏറെ ഉപഭോക്താക്കൾ പടിഞ്ഞാറ് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്.വൻ മതിൽ പോലെ ദേശീയപാത വന്നാൽ ടൗണിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് കിഴക്ക് ഭാഗത്തേക്കും കിഴക്കു നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും കാൽനടക്കാരായ ഉപഭോക്താക്കൾക്ക് എത്താനും കഴിയില്ല.