ജനറൽ ആസ്പത്രിയിലേക്ക് ബിജെപി,ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്

തലശ്ശേരി: ജനറൽ ആസ്പത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് ആസ്പത്രിയിലേക്ക് ഡിവൈഎഫ്ഐയും ബിജെപിയും മാർച്ച് നടത്തി. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറും അനസ്തെറ്റിസ്റ്റും കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് മാർച്ച്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ചാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. ആശുപത്രിക്കകത്ത് കയറിയ പ്രവർത്തകരെ കാഷ്വാലിറ്റിക്ക് സമീപം റോഡിൽ ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം തടഞ്ഞു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഡോക്ടർമാരുടെ വീടുകളിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു, മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു. പി. സനീഷ്, എ.കെ. രമ്യ, എം.എസ്. സുർജിത്ത് എന്നിവർ പ്രസംഗിച്ചു.ഡിവൈഎഫ്ഐ സമരം അവസാനിച്ചതിനു പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗം എം.പി. സുമേഷിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഓഫിസിലേക്ക് പോകാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. എം.പി. സുമേഷ്, നഗരസഭാംഗങ്ങളായ കെ. അജേഷ്, പ്രീത പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, ശോഭാരതീഷ്, കെ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.