ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇരട്ട മെഡലുകൾ നേടി കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍: തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ലെഫ്റ്റ് ആന്‍ഡ് റൈറ്റ് മത്സരങ്ങളില്‍ വെള്ളി മെഡലുകള്‍ നേടി മയ്യില്‍ കയരളത്തെ പി.കെ പ്രിയ(43) ഇന്ത്യയുടെ അഭിമാന താരമായി. 40 വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് മത്സരത്തില്‍ ലെഫ്റ്റ് ആന്‍ഡ് റൈറ്റ് ഹാന്‍ഡ് മത്സരങ്ങളിലാണ് പ്രിയ വെള്ളി മെഡലുകള്‍ നേടിയത്.
പഞ്ചഗുസ്തിയിൽ ജില്ലയില്‍ അറിയപ്പെടുന്ന ക്ലബ്ബായ കയരളം മേച്ചേരി എവർഷൈൻ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അംഗമായിരുന്നു. ചെറുപ്പം മുതല്‍ പഞ്ചഗുസ്തി മത്സരങ്ങളില്‍ മത്സരിച്ച് വിജയിച്ച പ്രിയ 2017ല്‍ ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ ചാംപ്യനായിരുന്നു. മൂന്ന് തവണ ദേശീയ ചാംപ്യനായിരുന്ന പ്രിയ ഈവര്‍ഷം ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഇരട്ടമെഡലിന് അര്‍ഹയായി. കയരളം തൈക്കണ്ടി ഹൗസില്‍ ഒ.ടി.വാസുവിന്റെയും, പി.കെ.സുമതിയുടെയും മകളാണ്. ഭര്‍ത്താവ്: ടി.കെ.പ്രമോദ്. മക്കള്‍: ധനേഷ്, ദര്‍ശന, സൗരവ്. സഹോദരങ്ങള്‍: പ്രമോദ്, ജയന്‍.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകാന്‍ കഴിയാതെ വിഷമിച്ച പ്രിയയെ എം.വി.ഗോവിന്ദന്‍ എംഎൽഎയും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാരും വിവിധ സംഘടനകളും സുഹൃത്തുക്കളും യാത്രയ്ക്കായി സഹായിച്ചിരുന്നു.